LiveTV

Live

Kerala

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാനായില്ല

പൂക്കോയ തങ്ങളും മറ്റ് രണ്ട് പ്രതികളും ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്:  പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാനായില്ല

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റിലായി 10 ദിവസം കഴിഞ്ഞിട്ടും ടി കെ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. പൂക്കോയ തങ്ങളും മറ്റ് രണ്ട് പ്രതികളും ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ഇവര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഇറക്കിയിട്ടും പിടികൂടാനാവാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ഈ മാസം 7നായിരുന്നു എം സി കമറുദ്ദീന്‍ എംഎല്‍എ പ്രത്യേക അന്വേഷണ സംഘം ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10.30ഓടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയ എം സി കമറുദ്ദീനെ ചോദ്യം ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്ന് കേസുകളിലാണ് അന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഓരോ ദിവസവും കൂടുതല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രണ്ട് കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇത് വരെ അറസ്റ്റ് രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 63 ആയി. കമറുദ്ദീനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

എന്നാല്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് ഇത് വരെ സാധിച്ചിട്ടില്ല. പൂക്കോയ തങ്ങള്‍, ഹിഷാം, സൈനുല്‍ ആബിദീന്‍ എന്നിവര്‍ക്കായി ലൂക്കൌട്ട് നോട്ടീസ് ഇറക്കി 10 ദിവസം കഴിഞ്ഞു. ഇവരെ പിടികൂടാന്‍ അന്വേഷണ സംഘം താല്‍പര്യം കാട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നത് ബലപ്പെടുത്തുന്നതാണ് അന്വേഷണ സംഘത്തിന്റെ നിലപാടെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. പൂക്കോയ തങ്ങളെയും കൂട്ടുപ്രതികളെയും പിടികൂടാനാവാത്തതില്‍ നിക്ഷേപകരിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.