LiveTV

Live

Kerala

ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ബി.ജെ.പിയെ വിജയങ്ങള്‍ വിട്ടൊഴിയാത്തത് ദുരൂഹത ഉയര്‍ത്തുന്നുവെന്ന് കെ.പി നൗഷാദ് അലി

പരിക്ഷീണമായ ഒന്നര പതിറ്റാണ്ട് കാലത്തിനു ശേഷവും ബിഹാറുകാരെ സേവിക്കാന്‍ നിതീഷ് കുമാര്‍ ഇടറിയ ചുവടുകളോടെ കടന്നുവരികയാണ്

ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ബി.ജെ.പിയെ വിജയങ്ങള്‍ വിട്ടൊഴിയാത്തത് ദുരൂഹത ഉയര്‍ത്തുന്നുവെന്ന് കെ.പി നൗഷാദ് അലി

സാധാരണ ഗതിയില്‍ ഒരു ഭരണകക്ഷിയെ അപ്രിയമാക്കാന്‍ വേണ്ടതിലധികം ദുരനുഭവങ്ങള്‍ ആവര്‍ത്തിച്ചു പോരുമ്പോഴും ബി.ജെ.പിയെ വിജയങ്ങള്‍ വിട്ടൊഴിയാത്തത് വലിയ ദുരൂഹതകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി. ഉവൈസിമാര്‍ പരവതാനി തീര്‍ക്കുന്നത്...എന്ന തലക്കെട്ടില്‍ സുപ്രഭാതം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് നൗഷാദ് അലിയുടെ പരാമര്‍ശം. പരിക്ഷീണമായ ഒന്നര പതിറ്റാണ്ട് കാലത്തിനു ശേഷവും ബിഹാറുകാരെ സേവിക്കാന്‍ നിതീഷ് കുമാര്‍ ഇടറിയ ചുവടുകളോടെ കടന്നുവരികയാണ്. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട വിജയം നല്‍കുന്ന നൈരാശ്യവും ആത്മപരിശോധനയും കാടുകയറുമ്പോള്‍ മതേതരചേരി കൂടുതല്‍ ദുര്‍ബലമാകുന്നത് ആശാസ്യകരമല്ലെന്നും ലേഖനത്തില്‍ പറയുന്നു.

രാജ്യം വിഭജിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഇന്ത്യയില്‍ അവശേഷിച്ചത് മൂന്നര കോടി മുസ്‌ലിംകളായിരുന്നു. ഇന്നു രാജ്യത്തെ 15 ശതമാനം വരുന്ന പ്രബല ന്യൂനപക്ഷത്തിന്റെ ജനസംഖ്യ 20 കോടിയിലെത്തിയിട്ടുണ്ട്. ഒരു കോടിയിലധികം മുസ്‌ലിം പ്രാതിനിധ്യമുള്ള അഞ്ചു സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. അവ യു.പി, പശ്ചിമബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, അസം എന്നിവയാണ്. ഇന്ത്യയിലെ ഏറ്റവും പ്രബല നഗരകേന്ദ്രീകൃത സമൂഹം മുസ്‌ലിംകളാണ്. 40 ശതമാനം ഇസ്‌ലാം മതവിശ്വാസികളും പട്ടണപ്രാന്തങ്ങളില്‍ താമസിക്കുന്നവരാണ്. 20നും 55നും ഇടയില്‍ മുസ്‌ലിം വോട്ടിങ് ശതമാനമുള്ള 96 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. അവയില്‍ 29 എണ്ണത്തിലെ മുസ്‌ലിം അനുപാതം 40 ശതമാനത്തില്‍ കൂടുതലാണ്. 19 മണ്ഡലങ്ങളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ മുസ്‌ലിം വോട്ടര്‍മാരുണ്ട്. 48 മണ്ഡലങ്ങളില്‍ 20 ശതമാനത്തിനും 30നുമിടയില്‍ മുസ്‌ലിം സമ്മതിദായകരുണ്ട്. പത്തിനും ഇരുപതിനുമിടയില്‍ ശതമാനം മുസ്‌ലിം വോട്ടുള്ള 165 മണ്ഡലങ്ങള്‍ വേറെയുമുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ 55 ശതമാനത്തില്‍ താഴെ 20 ശതമാനത്തിനിടയില്‍ മുസ്‌ലിം പ്രാതിനിധ്യമുള്ള 96 മണ്ഡലങ്ങളില്‍ നാല്‍പത്തിയഞ്ചിലും വിജയിച്ചുവന്നത് ബി.ജെ.പി സ്ഥാനാര്‍ഥികളായിരുന്നു. ഇവരില്‍ ഒറ്റ മുസ്‌ലിം നാമധാരി പോലുമില്ല എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് രീതികള്‍ ഗൗരവത്തിലെടുക്കേണ്ടതും ന്യൂനപക്ഷ രാഷ്ട്രീയദിശ പുനര്‍നിര്‍ണയിക്കേണ്ടതും ഇവിടെയാണ്.

അടവുകളുടെ ആവര്‍ത്തന സ്വഭാവവും തങ്ങള്‍ നിരന്തരം കബളിപ്പിക്കപ്പെടുന്നതും ഇവിടങ്ങളിലെ മുസ്‌ലിം വോട്ടര്‍മാരില്‍ രാഷ്ട്രീയ ജാഗ്രതക്ക് കാരണമാവാറുണ്ട്. അതുകൊണ്ടുതന്നെ നൂതനമായ കളിരീതികള്‍ കൊണ്ട് മാത്രമേ വിജയം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടെയാണ് അസദുദ്ദീന്‍ ഉവൈസി കടന്നുവരുന്നത്. ഉത്തരേന്ത്യന്‍ മുസ്‌ലിമിന്റെ ഹൃദയഭാഷയായ ഉറുദുവിന്റെ സംരക്ഷണം പ്രഖ്യാപിത ലക്ഷ്യമാക്കിയ പാര്‍ട്ടി കൂടിയാണ് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍. ഉവൈസിയുടെ വാഗ്വിലാസവും ആകാരവും അധികാരവും വിഭവശേഷിയും സ്വത്വരാഷ്ട്രീയവും ന്യൂനപക്ഷ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ട്. തങ്ങള്‍ അബദ്ധവശാല്‍ സംഘ്പരിവാറിന്‍റെ ഇരകളായി മാറുകയാണ് എന്ന യാഥാര്‍ഥ്യം വോട്ടര്‍മാര്‍ ആത്യന്തികമായി തിരിച്ചറിയപ്പെട്ടേക്കാമെങ്കിലും ആ കാലഗണനയ്ക്ക് രാജ്യത്തെ മതേതരസമൂഹം വലിയ വില നല്‍കേണ്ടി വരുമെന്നും ലേഖനത്തില്‍ പറയുന്നു.