LiveTV

Live

Kerala

2018-19 സാമ്പത്തിക വര്‍ഷത്തെ അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് സിഎജി

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന സിഎജി വിശദീകരണത്തോടെ ഫയലുകള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

2018-19 സാമ്പത്തിക വര്‍ഷത്തെ അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് സിഎജി

2018-19 സാമ്പത്തിക വര്‍ഷത്തിലെ അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് സിഎജി. നവംബര്‍ ആറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് സിഎജി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. സിഎജിയുടെ കരട് റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു കിഫ്ബിക്കെതിരെ നീക്കം നടക്കുന്നുവെന്ന ആരോപണം ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ചത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന സിഎജി വിശദീകരണത്തോടെ ഫയലുകള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

2018 - 19ലെ ഫിനാന്‍സ് ഓ‍ഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കാനായി നവംബര്‍ ആറിന് തന്നെ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സമര്‍പ്പിച്ചുവെന്നാണ് 11ആം തിയ്യതി സിഎജി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. സിഎജി കരട് റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന വാദം ധനമന്ത്രി 14 തിയ്യതിയാണ് ഉന്നയിച്ചത്. അതിന് മൂന്ന് ദിവസം മുന്‍പാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് സിഎജി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി കണ്ടെത്തിയതായി ധനമന്ത്രി ഉന്നയിച്ച ആക്ഷേപങ്ങള്‍ ഈ റിപ്പോര്‍ട്ടിലാണോ ഉള്ളതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സിഎജി പത്രക്കുറിപ്പുമായി ബന്ധപ്പെട്ട് ഫയലുകള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് തോമസ് ഐസക് പറഞ്ഞു. നിയമസഭയില്‍ വെയ്ക്കും മുന്‍പ് റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ ധനമന്ത്രിയുടെ പ്രതികരണം യുഡിഎഫ് ഉറ്റുനോക്കുകയാണ്.