LiveTV

Live

Kerala

വിജയരാഘവൻ സംവരണ സമുദായങ്ങൾക്കെതിരെ വർഗീയത പ്രചരിപ്പിക്കുന്നു - വെൽഫെയർ പാർട്ടി

കേരളത്തിലെ ഈഴവ - മുസ്‍‍ലിം - ദലിത് - ആദിവാസി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾ അനർഹമായത് നേടിയെടുക്കുന്നുവെന്ന സവർണ ഭാഷ്യത്തെ വിളിച്ചു പറയുകയാണ് വിജയരാഘവൻ ചെയ്യുന്നത്

വിജയരാഘവൻ സംവരണ സമുദായങ്ങൾക്കെതിരെ വർഗീയത പ്രചരിപ്പിക്കുന്നു - വെൽഫെയർ പാർട്ടി

സവർണ സംവരണം നടപ്പാക്കുന്നതിനു വേണ്ടി സംവരണ സമുദായങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവൻ വർഗീയത പ്രചരിപ്പിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളത്തിലെ ഈഴവ - മുസ്‍‍ലിം - ദലിത് - ആദിവാസി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾ അനർഹമായത് നേടിയെടുക്കുന്നുവെന്ന സവർണ ഭാഷ്യത്തെ വിളിച്ചു പറയുകയാണ് വിജയരാഘവൻ ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് സവർണ സംവരണത്തിനെതിരെ നടക്കുന്ന സമരങ്ങൾക്ക് വർഗീയ മുദ്ര ചാർത്താൻ ശ്രമിക്കുന്നത്. രാജ്യത്ത് ജാതി മേധാവിത്വവും സാമൂഹിക അസന്തുലിതത്വവും ദിനംപ്രതി വർദ്ധിച്ചു വരുന്ന കാഴ്ചയാണ് നിലനിൽക്കുന്നത്. എന്നാൽ ഇതിനെ മറച്ചുവച്ചുകൊണ്ട് വിദ്യാഭ്യാസ - ഉദ്യോഗസ്ഥ മേഖലകളിൽ വൻ ഭൂരിപക്ഷമുള്ള സവർണ സമൂഹത്തിന് കൂടുതൽ ആനുകൂല്യങ്ങൾ തരപ്പെടുത്തി നൽകി കൊണ്ട് വർഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്.

ഹൈക്കോടതിയുടെ നിർദ്ദേശത്തെ മറച്ചുവെച്ച് കൊണ്ട് സംവരണ കോട്ട പുനർനിർമ്മിക്കാതെ മുന്നോട്ടു പോകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹികവും രാഷ്ട്രീയവുമായ സംവരണ സമുദായങ്ങളുടെ പുരോഗതിയെ തടയുക എന്നതാണ് സവർണ സംവരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. കേരളത്തിൽ സാമൂഹിക നീതി അട്ടിമറിച്ച് സവർണാധിപത്യം നടപ്പാക്കുന്നതിനു വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നത്. അതിനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ട വ്യക്തിയാണ് വിജയരാഘവൻ എന്നാണ് അദ്ദേഹത്തിന്റെ വർഗീയ പരാമർശങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.