LiveTV

Live

Kerala

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി നിര്‍ബന്ധിക്കുന്നുവെന്ന് ശിവശങ്കര്‍

ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനാണ് സമ്മര്‍ദ്ദം. അത് നിരസിച്ചതാണ് തന്‍റെ അറസ്റ്റിലേക്ക് നയിച്ചതെന്നും ശിവശങ്കര്‍ പറയുന്നു

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി നിര്‍ബന്ധിക്കുന്നുവെന്ന് ശിവശങ്കര്‍

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇ.ഡി സമ്മർദ്ദം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ കോടതിയെ അറിയിച്ചു. ഈ ആവശ്യം നിരസിച്ചതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കർ കോടതിയിൽ രേഖാമൂലം വിശദീകരണം നൽകി. വാട്സ് ആപ് ചാറ്റുകളിൽ സ്വർണ്ണക്കടത്തിലും ലൈഫ് മിഷൻ പ്രോജക്ടിലും ശിവശങ്കറിനുള്ള പങ്കാളിത്തം വ്യക്തമാണെന്നാണ് ഇ.ഡിയുടെ നിലപാട്, ശിവശങ്കർ കോടതിയിൽ സമർപ്പിച്ച കുറിപ്പിൽ ഈ ചാറ്റുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കുന്നു.

നാളെ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ഇ.ഡി ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് എം. ശിവശങ്കര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. ഇ.ഡി ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ചെലുത്തി. അത് താന്‍ നിരസിച്ചതാണ് തന്‍റെ അറസ്റ്റിലേക്ക് നയിച്ചത്.

ഇ.ഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വോഷിക്കുന്നത്. സ്വപ്നയുടെ ലേക്കര്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍‌ വ്യത്യസ്ഥ അഭിപ്രായമാണ് പറയുന്നത്. എന്‍.ഐ.എ പറയുന്നത് ലോക്കറിലെ പണം കള്ളക്കടത്തില്‍ നിന്നുള്ളതെന്നണെന്നാണ്. കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടുകളിലെല്ലാം കള്ളകടത്ത് പണമാണ് ലോക്കറിലുണ്ടായിരുന്നതെന്ന് പറയുന്നു. എന്നാല്‍ ഇ.ഡി പറയുന്നത് കൈക്കൂലിയെന്നാണ്. കസ്റ്റംസ് ഓഫിസറെ താന്‍ വിളിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണ്. താന്‍ വിളിച്ചത് ഫുഡ് സെയ്ഫ്റ്റി ഉദ്യോഗസ്ഥനെയാണ്.

സ്വപ്നയോട് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. ഇ.ഡി അവരുടെ താത്പര്യമനുസരിച്ചാണ് കേസന്വോഷിക്കുന്നത്. അര്‍ധ സത്യങ്ങളും നുണകളുമായി ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. വേണുഗോപാലും സ്വപ്നയുമായി നടത്തിയ വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. നികുതി അടക്കാതെ പണം സൂക്ഷിക്കുന്നതിനായാണ് സ്വപ്ന സഹായം തേടിയത്. ഇത്തരത്തിലാണ് വേണുഗോപാലിനെ പരിചയപെടുത്തിയത്. സന്ദേശങ്ങളിലും ഇക്കാര്യം പറയുന്നുണ്ടെന്നും ശിവശങ്കര്‍ വിശദീകരിച്ചു.