LiveTV

Live

Kerala

സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങി; മലപ്പുറത്ത് ലീഗില്‍ കൂട്ടരാജിയും

സീറ്റ് വിഭജന തര്‍ക്കവും പ്രാദേശിക വിഭാഗീയതയുമാണ് കൂട്ടരാജിക്ക് പിന്നിൽ

സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങി; മലപ്പുറത്ത് ലീഗില്‍ കൂട്ടരാജിയും

മലപ്പുറത്ത് വിവിധയിടങ്ങളിൽ മുസ്‍ലിം ലീഗില്‍ കൂട്ടരാജി. സ്ഥാനാർഥി നിര്‍ണ്ണയം ആരംഭിച്ചതോടെയാണ് പ്രാദേശിക തലങ്ങളിൽ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കൂട്ടരാജി.സീറ്റ് വിഭജന തര്‍ക്കവും, പ്രാദേശിക വിഭാഗീയതയുമാണ് കൂട്ടരാജിക്ക് പിന്നിൽ. മേലാറ്റൂര്‍,കണ്ണമംഗലം,പഞ്ചായത്തിലെയും തിരൂര്‍ മണ്ഡലത്തിലെ പൂക്കയില്‍ പഞ്ചായത്തിലെയും പ്രവര്‍ത്തകരാണ് രേഖാമൂലം രാജി പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലയില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ ആണ് വിവിധ പഞ്ചായത്തുകളില്‍ ഔദ്യോഗിക പദവികൾ വഹിക്കുന്നവരുടെ കൂട്ടരാജി. സ്ഥാനാർഥി നിർണ്ണയത്തിലെ അസ്വാരസ്യങ്ങളാണ് പ്രദേശിക നേതാക്കളുടെ കൂട്ടരാജിക്ക് പ്രധാന കാരണം. മുസ്ലീം ലീഗ്തൊഴിലാളി സംഘടന എസ്ടിയു സംസ്ഥാന സെക്രട്ടറി കെ.കെ ഹംസയാണ് പാര്‍ട്ടി വിട്ടവരില്‍ പ്രമുഖന്‍ ‍.കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി കെ.കെ ഹംസ മത്സര രംഗത്തും എത്തി.ഇതോടെ ഹംസക്ക് എല്‍.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മേലാറ്റൂര്‍ പഞ്ചായത്തിലും രാജി പ്രഖ്യാപനം വന്നു.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തകസമിതി അംഗം കെ.പി ഉമ്മര്‍ ആണ് മേലാറ്റൂര്‍ പഞ്ചായത്തില്‍ നിന്നും രാജി വെച്ച പ്രാദേശിക നേതാവ്. മേലാറ്റൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഉമ്മറിന്‍റെ വിശദീകരണം. ഇതിന് പുറമെ തിരൂര്‍ മുനിസിപ്പാലിറ്റിയിലെ പൂക്കയില്‍ 1,5,6,3,വാര്‍ഡുകളിലെ പാര്‍ട്ടി ഭാരവാഹികള്‍ രാജിവെച്ചു. ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്ന്, മുനിസിപ്പല്‍ ലീഗ് കമ്മിറ്റി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്നാണ് പാര്‍ട്ടി വിട്ടവരുടെ വിശദീകരണം . എന്നാല്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് മത്സരിക്കാന്‍ അവസരം ലഭിക്കാത്തവരാണ് പാര്‍ട്ടി വിടുന്നതെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ അനൌദ്യോഗിക വിശദീകരണം.