LiveTV

Live

Kerala

സിപിഎം നേതാക്കള്‍ ജാതിയധിക്ഷേപം നടത്തി, അടിമയോടെന്ന പോലെ പെരുമാറി: പാര്‍ട്ടി വിട്ട ജില്ലാ പഞ്ചായത്ത് അംഗം

ദലിത് വിഭാഗങ്ങൾ ഇനിയെങ്കിലും കൊല്ലത്തെ സിപിഎം നേതാക്കളുടെ സവർണ മുഖം തിരിച്ചറിയണമെന്ന് കെ സി ബിനു

സിപിഎം നേതാക്കള്‍ ജാതിയധിക്ഷേപം നടത്തി, അടിമയോടെന്ന പോലെ പെരുമാറി: പാര്‍ട്ടി വിട്ട ജില്ലാ പഞ്ചായത്ത് അംഗം

കൊല്ലത്ത് സിപിഎം നേതാക്കൾ ജാതീയമായി അധിക്ഷേപിച്ചെന്ന് പാർട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം കെ സി ബിനു. അടിമയെ പോലെയാണ് നേതാക്കൾ തന്നോട് പെരുമാറിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ പരിപാടികളിൽ പോലും തന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ദലിത് വിഭാഗങ്ങൾ ഇനിയെങ്കിലും കൊല്ലത്തെ സിപിഎം നേതാക്കളുടെ സവർണ മുഖം തിരിച്ചറിയണമെന്നും ബിനു മീഡിയവണിനോട് പറഞ്ഞു.

അഞ്ചൽ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ സി ബിനു. ജാതിഅധിക്ഷേപത്തെ തുടർന്നാണ് താൻ സിപിഎം വിട്ടതെന്ന് ബിനു പറഞ്ഞു. അധിക്ഷേപം ചോദ്യംചെയ്തപ്പോള്‍ കൊല്ലത്തെ ചില നേതാക്കൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ദലിതനായ പ്രതിനിധി ജില്ലാ പഞ്ചായത്തിൽ വടയും ചായയും കുടിക്കാൻ വന്നതാണെന്ന തരത്തിലാണ് നേതാക്കൾ പെരുമാറാറുള്ളതെന്നും ബിനു പറഞ്ഞു.

ആത്മാഭിമാനമുള്ള പട്ടികജാതി സമൂഹം തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കും. തന്നെ അധിക്ഷേപിച്ചവരോട് പറയാനുള്ളത് കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല എന്നാണ്. താന്‍ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ബിനു പറഞ്ഞു.