LiveTV

Live

Kerala

കിഫ്ബിക്കെതിരായ സിഎജി വിലയിരുത്തല്‍: സര്‍ക്കാര്‍ ആശങ്കയില്‍

അന്തിമ റിപ്പോർട്ടിലും സമാനമായ പരാമർശം കടന്ന് വന്നാൽ അത് ചില നിയമ കുരുക്കുകളിലേക്ക് നയിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്.

കിഫ്ബിക്കെതിരായ സിഎജി വിലയിരുത്തല്‍: സര്‍ക്കാര്‍ ആശങ്കയില്‍

കിഫ്ബി വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി വിലയിരുത്തലിനെ തടയിടാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാരിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി. അന്തിമ റിപ്പോർട്ടിലും സമാനമായ പരാമർശം കടന്ന് വന്നാൽ അത് ചില നിയമ കുരുക്കുകളിലേക്ക് നയിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. അതുകൊണ്ടാണ് ഭരണഘടനാ സ്ഥാപനമായ സി.എ.ജിക്ക് എതിരെ രണ്ടും കൽപിച്ച് ധനമന്ത്രി പോരിന് ഇറങ്ങിയത്.

കിഫ്ബിയുടെ വായ്പകൾ ഭരണഘടനാ ലംഘനമാണെന്ന സി.എ.ജിയുടെ കരട് റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് പുറത്ത് വിട്ടത് കൃത്യമായ കണക്ക് കൂട്ടലുകളോടെയാണ്. വിശദാംശങ്ങൾ പുറത്ത് പറയുമ്പോൾ വിവാദം ആകുമെന്ന് ഉറപ്പായിരുന്നു. അതിനാൽ പാർട്ടി നേതൃത്വവുമായും ചില കൂടിയാലോചനകൾ നടത്തിയ ശേഷമായിരുന്നു മന്ത്രി സി ആൻറ് എജിക്കെതിരെ ആരോപണം ഉയർത്തിയത്. ഭരണഘടനാ വിരുദ്ധമായി വായ്പകൾ വാങ്ങിയെന്ന കണ്ടെത്തൽ അന്തിമ റിപ്പോർട്ടിലും ആവർത്തിക്കപ്പെട്ടാൽ അത് സർക്കാരിനെ പ്രതിസന്ധിയിലാക്കും. പ്രതിപക്ഷം ഇക്കാര്യം വലിയ രാഷ്ടീയ ആയുധമാക്കും. അതിനപ്പുറം കോടതി നടപടികളിലേക്ക് കൂടി എല്ലാം വലിച്ചിഴയ്ക്കപ്പെടുമെന്ന ആശങ്കയും സർക്കാരിനുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് സി.എ.ജി രാഷ്ട്രീയ നീക്കം നടത്തുന്നുവെന്ന ആരോപണം ധനമന്ത്രി ഉയർത്തിയത്‌. ഇതിലൂടെ അന്തിമ റിപോർട്ട് നിയമസഭയിൽ എത്തുന്നതിന് മുമ്പേ സർക്കാർ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാനുമായി. മസാല ബോണ്ട് അടക്കമുള്ളവ കിഫ്ബി മാത്രമല്ല ഉപയോഗപ്പെടുത്തുന്നത് എന്ന് കൂടി പറഞ്ഞ് വെച്ചതിലൂടെ കേന്ദ്ര സർക്കാരിനെ കൂടി ധനമന്ത്രി ലക്ഷ്യം വെയ്ക്കുന്നു. മറുവശത്ത് പ്രതിപക്ഷമാകട്ടെ കിഫ്ബിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ മുന്നറിയിപ്പ്.