LiveTV

Live

Kerala

പൂന്തുറ സിറാജ് വേണ്ടെന്ന് സി.പി.എം; സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തര്‍ക്കം

സിറ്റിംഗ് സീറ്റായ മാണിക്യ വിളാകത്ത് മുൻ പി.ഡി.പി നേതാവ് പൂന്തുറ സിറാജിനെയാണ് ഐ.എൻ.എൽ സ്ഥാനാർഥിയായി തീരുമാനിച്ചത്

പൂന്തുറ സിറാജ് വേണ്ടെന്ന് സി.പി.എം; സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തര്‍ക്കം

തിരുവനന്തപുരം നഗരസഭയിൽ ഐ.എൻ.എല്ലിനു നൽകിയ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം. സിറ്റിംഗ് സീറ്റായ മാണിക്യ വിളാകത്ത് മുൻ പി.ഡി.പി നേതാവ് പൂന്തുറ സിറാജിനെയാണ് ഐ.എൻ.എൽ സ്ഥാനാർഥിയായി തീരുമാനിച്ചത് . സിറാജിന്‍റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്.

പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ ആയിരുന്ന പൂന്തുറ സിറാജ് കഴിഞ്ഞ ദിവസമാണ് ഐ.എൻ.എല്ലില്‍ ചേര്‍ന്നത്.. മാണിക്യ വിളാകം സീറ്റിൽ സിറാജ് മത്സരിക്കുമെന്ന് ഐ.എൻ.എൽ ജില്ലാ നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സി.പി.എം ജില്ലാ നേതൃത്വം ഇതിനോട് യോജിക്കുന്നില്ല. പിഡിപിയില്‍ വന്ന ഒരാളെ ഉടന്‍ സ്ഥാനാർഥി ആക്കുന്നത് ശരിയല്ലെന്നാണ് സി.പി.എം നേതാക്കളുടെ അഭിപ്രായം. സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. നഗരസഭയിലെ മറ്റു സീറ്റുകളിലെ മുന്നണിയുടെ സാധ്യതകളെ ബാധിക്കുമെന്നും നേതാക്കൾ പറയുന്നു.

സിറാജിനെ മത്സരിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഐ.എന്‍.എല്‍ ആലോചിക്കുന്നുണ്ട്. മുന്നണിയിൽ സീറ്റ് ലഭിക്കാത്ത ജനാധിപത്യ കേരള കോൺഗ്രസിനും അതൃപ്തിയുണ്ടെന്നാണ് വിവരം.ഐഎന്‍എല്‍ നേതാക്കള്‍ ജനാധിപത്യകേരള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. സീറ്റ് മോഹിച്ചല്ല ഐഎൻഎല്ലിലേക്ക് വന്നതെന്നും മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല എന്നുമാണ് പൂന്തുറ സിറാജിന്‍റെ പ്രതികരണം.