LiveTV

Live

Kerala

പണി തുടങ്ങി 10 മാസം കഴിഞ്ഞിട്ടും റോഡ് പണി പഴയപടി തന്നെ; പ്രതിഷേധവുമായി നാട്ടുകാര്‍

നിര്‍മ്മാണം ആരംഭിച്ച് 10 മാസം കഴിഞ്ഞിട്ടും വടകര പൊന്മേരി ശിവക്ഷേത്രം - മാഹി കനാല്‍ റോഡിന്‍റെ പണി എങ്ങുമെത്തിയില്ല.

പണി തുടങ്ങി 10 മാസം കഴിഞ്ഞിട്ടും റോഡ് പണി പഴയപടി തന്നെ; പ്രതിഷേധവുമായി നാട്ടുകാര്‍

നിര്‍മ്മാണം ആരംഭിച്ച് 10 മാസം കഴിഞ്ഞിട്ടും വടകര പൊന്മേരി ശിവക്ഷേത്രം - മാഹി കനാല്‍ റോഡിന്‍റെ പണി എങ്ങുമെത്തിയില്ല. റോഡ് കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നതിനാല്‍ നടന്ന് പോകാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. റോഡ് പണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സാംസ്കാരിക സംഘടനയായ ധ്വനി കലാസമിതി പ്രക്ഷോഭത്തിലേക്ക് പോവുകയാണ്.

40 വര്‍ഷം മുമ്പ് നിര്‍മ്മിച്ച റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായിക്കിടക്കുകയായിരുന്നു. പൊന്മേരി, മെടിയേരി, ബാലവാടി പ്രദേശത്തെ ജനങ്ങളുടെ നിരന്തര ആവശ്യത്തെതുടര്‍ന്ന് പ്രളയ ഫണ്ടില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ 2.8 കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പക്ഷേ പത്ത് മാസം കഴിഞ്ഞിട്ടും പണി തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. ഒന്നോ രണ്ടോ ആളുകളെ മാത്രമാണ് കരാറെടുത്ത കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. പണി ഇഴഞ്ഞ് നീങ്ങുന്നതിന്‍റെ പ്രധാന കാരണവും ഇത് തന്നെയാണ്.

പൊന്മേരി, മെടിയേരി, ബാലവാടി, പ്രദേശത്തെ ജനങ്ങൾ പൊതു ഗതാഗതത്തിന് ആശ്രയിക്കുന്ന ഈ റോഡിൽ കാൽനട യാത്രപോലും ബുദ്ധിമുട്ടായിരിക്കുകയാണ്. നിരവധി തവണ ബന്ധപ്പെട്ടിട്ടും എപ്പോൾ പണി പൂർത്തികരിക്കാൻ കഴിയും എന്ന കാര്യത്തിൽ കോൺട്രാക്ടേഴ്സിനും പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്കും ഒരു മറുപടി തരാൻ പോലും കഴിയാത്ത അവസ്ഥയാണ്. റോഡ് പണി അനന്തമായി നീണ്ടുപോകുന്ന പ്രശ്നം പരിഹരിച്ചു ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കാൻ വേണ്ട നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വകുപ്പ് അധികാരികൾക്കും പിഡബ്ല്യൂഡി ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകാനാണ് ധ്വനി കലാസമിതിയുടെ തീരുമാനം.