LiveTV

Live

Kerala

ഇടുക്കിയിലെ സീറ്റ് വിഭജനം: അന്തിമ തീരുമാനത്തില്‍ എത്താനാവാതെ യുഡിഎഫ്

അതേസമയം എൽഡിഎഫ് വിവിധയിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

ഇടുക്കിയിലെ സീറ്റ് വിഭജനം: അന്തിമ തീരുമാനത്തില്‍ എത്താനാവാതെ യുഡിഎഫ്

സംസ്ഥാന നേതാക്കൾ പങ്കെടുത്ത മാരത്തണ്‍ ചര്‍ച്ചകൾക്ക് ശേഷവും ഇടുക്കിയിലെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനത്തിലെത്താൻ യുഡിഎഫിനായിട്ടില്ല. ജില്ലാ പഞ്ചായത്തിന്‍റെ കാര്യത്തിൽ മാത്രമാണ് ഇതുവരെ ധാരണയായത്. മറ്റിടങ്ങളിൽ പ്രാദേശിക തലത്തിൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. അതേസമയം എൽഡിഎഫ് വിവിധയിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.

യുഡിഎഫിൽ കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം ഉഭയകക്ഷി ചര്‍ച്ചകള്‍ അനന്തമായി നീളുകയാണ്. 2015ല്‍ കേരള കോൺഗ്രസ് എം മല്‍സരിച്ച മുഴുവന്‍ സീറ്റും വേണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ ജോസ് വിഭാഗം മത്സരിച്ച സീറ്റുകൾ മുഴുവൻ ജോസഫ് വിഭാഗത്തിന് നൽകുന്നതിനോട് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന് യോജിപ്പില്ല.

ഒരാഴ്ചക്കിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചർച്ചകൾ നടന്നെങ്കിലും സമവായത്തില്‍ എത്തിയിരുന്നില്ല.

ഇന്നലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ നടന്ന മൂന്നാം ഘട്ട ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്. കേരള കോൺഗ്രസ് എം കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളും ജോസഫ് വിഭാഗത്തിന് നൽകും. ബാക്കി 11 സീറ്റിലും കോൺഗ്രസ് മത്സരിക്കും. ബ്ലോക്ക്, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകളിലെ സീറ്റ് ചര്‍ച്ചകള്‍ തുടരും. പ്രാദേശിക തലത്തിൽ നടക്കുന്ന ചർച്ചകളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം.

അതേസമയം സ്ഥാനാർഥി നിർണയത്തിൽ ഒരുപടി മുന്നിലാണ് എൽഡിഎഫ്. തൊടുപുഴ മുനിസിപ്പാലിറ്റിയിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക എൽഡിഎഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൻഡിഎയും നൂറോളം സ്ഥാനാർഥികളെ ഇതിനോടകം പ്രഖ്യാപിച്ചു.