LiveTV

Live

Kerala

ശബരിമല നട ഇന്ന് തുറക്കും

വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങള്‍ തെളിയിക്കും

ശബരിമല നട ഇന്ന് തുറക്കും

മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങള്‍ തെളിയിക്കും. നാളെ പുലർച്ചെ മുതലാണ് ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തീർത്ഥാടനം നടത്തുന്നതിനുള്ള ഒരുങ്ങള്‍ പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതരും സർക്കാരും അറിയിച്ചു. കലിയുഗവരദനായ ശബരിമല ശ്രീധർമ്മ ശാസ്താവിന്‍റെ പൂങ്കാവനം ഇനി ശരണമന്ത്രങ്ങളാല്‍ നിറയും. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് തീർത്ഥാടനം മുന്നോട്ട് കൊണ്ട് പോവാന്‍ സർക്കാർ തീരുമാനിച്ചതോടെ അനിശ്ചിത്വങ്ങള്‍ അവസാനിപ്പിച്ച് ഭക്തർക്ക് ഇനി മലകയറാം.

ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്രനട തുറന്ന് മേല്‍ശാന്തി എ.കെ സുധീർ നമ്പൂതിരി ശ്രീകോവിലില്‍ ദീപങ്ങള്‍ തെളിയിക്കുന്നതോടെയാവും ഈ വർഷത്തെ തീർത്ഥാടനത്തിന് തുടക്കമാവുക. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്വകാർമികത്വത്തില്‍ ഉപദേവതാ ക്ഷേത്രങ്ങളിലും പതിനെട്ടാംപടിയിലും വിളക്ക് തെളിയിക്കും. നടതുറപ്പ് ദിവസമായ ഇന്ന് വിശേഷാല്‍ പൂജകളൊന്നുമില്ലെങ്കിലും നിയുക്ത ശബരിമല മേല്ശാന്തി വി.കെ ജയാരാജ് പോറ്റിയുടെയും മാളികപ്പുറം മേല്‍ശാന്തി എന്‍. രജികുമാറിന്‍റെയും അഭിഷേക - അവരോധിക്കല്‍ ചടങ്ങുകള്‍ വൈകിട്ട് നടക്കും.

ഇരുമുടികെട്ടുമായി പതിനെട്ടാം പടി കടന്നെത്തുന്ന പുതിയ മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി ശ്രീകോവിലിന് മുന്നിലേക്ക് ആനയിക്കും. പിന്നീട് ആചാരപരമായ ചടങ്ങുകള്‍ പൂർത്തിയാക്കി അഭിഷേക അവരോധിക്കല്‍ ചടങ്ങുകള്‍ നടത്തും. നിലവിലെ മേല്‍ശാന്തി എ.കെ സുധീർ നമ്പൂതിരി ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കി ഇന്ന് രാത്രി തന്നെ അയ്യപ്പനോട് യാത്ര പറഞ്ഞ് മലയിറങ്ങും. പുറപ്പെടാ ശാന്തിമാരായ പുതിയ മേല്‍ശാന്തിമാരുടെ നേതൃത്വത്തിലാവും വൃശ്ചികം ഒന്നായ നാളെ നട തുറന്ന് തീർത്ഥാടനം ആരംഭിക്കുക. നിയന്ത്രണങ്ങള്‍ പാലിച്ച് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തുന്ന ഭക്തർക്ക് പുലർച്ച മുതലാവും ക്ഷേത്രത്തിലേക്ക് പ്രവേശനം.

നാളെ മുതല്‍ ഡിസംബർ 26വരെയാണ് മണ്ഡല ഉത്സവകാലം. ഡിസംബർ 30ന് മകരവിളക്ക് ഉത്സവത്തിനായി നടതുറക്കും. 2021 ജനുവരി 14ന് മകരവിളക്ക് മഹോത്സവവരെ 65 ദിവസം നീണ്ടു നില്ക്കുന്നതാണ് തീർത്ഥാടനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെർച്ച്യല്‍ ക്യൂവഴിയിയെത്തുന്ന ഭക്തർക്ക് നിലക്കലിലും മറ്റ് ഇടതാവളങ്ങളിലും കോവിഡ് പരിശോധനക്കും വിശ്രമത്തിനും സൌകര്യമുണ്ട്. തുലാമാസ പൂജക്ക് സമാനമായി രീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള തീർത്ഥാടന ഒരുങ്ങള്‍ പൂർത്തിയായതായി ദേവസ്വം ബോർഡ് അധികൃതരും സർക്കാരും അറിയിച്ചു.