LiveTV

Live

Kerala

പുതിയ തലമുറയിലെ ചിലർക്ക് ലഹരിയോട് ആസക്തി: മുഖ്യമന്ത്രി

ലഹരിയോടുള്ള ആസക്തി ഉത്തമപൗരന്മാരെ സൃഷ്ടിക്കുന്നതിൽ വിഘാതം സൃഷ്ടിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

പുതിയ തലമുറയിലെ ചിലർക്ക് ലഹരിയോട് ആസക്തി: മുഖ്യമന്ത്രി

പുതുതലമുറയിലെ ചിലർക്ക് ലഹരിയോട് ആസക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുക്ഷേമ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി ആയിരുന്നു ഇത്തവണ ശിശുദിനസന്ദേശം മുഖ്യമന്ത്രി കൈമാറിയത്.

സ്‌കൂളുകളില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്നും ഇതിനെ തടയിടാന്‍ അധ്യാപക-രക്ഷാകര്‍തൃസമിതി ഇടപെടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ലഹരിയോടുള്ള ആസക്തി ഉത്തമപൗരന്മാരെ സൃഷ്ടിക്കുന്നതിൽ വിഘാതം സൃഷ്ടിക്കുന്നതായും സമൂഹത്തിന്‍റെ പ്രതികരണശേഷി നഷ്ടപ്പെടുത്താൻ മയക്കുമരുന്നിനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്നുമാഫിയ ഏതെങ്കിലും പ്രദേശത്തുമാത്രം ഒതുങ്ങിനിൽക്കുന്നവരല്ല. കുട്ടികളെ മയക്കുമരുന്നുവാഹകരായി മാറ്റാനുള്ള നീക്കവും ഇവരുടെ ഭാഗത്തുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായി സമൂഹത്തിൽനിന്ന്‌ ഇല്ലാതാക്കണം. സ്കൂളുകളിൽ ഇതിനായി അധ്യാപകരും രക്ഷാകർത്താക്കളും ശ്രദ്ധിക്കണം. ലഹരിക്കെതിരായ ജാഗ്രതയാണ് കുട്ടികളോടുള്ള കരുതലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയില്‍ ഇന്‍ര്‍നെറ്റിന്‍റെ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരി നല്ല തോതിൽ നിയന്ത്രിക്കപ്പെട്ടാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എസ് നന്മ ആയിരുന്നു കുട്ടികളുടെ പ്രധാനമന്ത്രി. സംസ്ഥാനതലപരിപാടികളുടെ ഉദ്ഘാടക എസ് നന്മ നിര്‍വഹിച്ചു. പ്രസിഡന്റ് ആദര്‍ശ് എസ്.എം അധ്യക്ഷനായി. മുഖ്യമന്ത്രിയും സാമുഹിക്ഷേമമന്ത്രിയും ആണ് പരിപാടിയില്‍ ആശംസ അറിയിച്ചത്. അതിജീവനത്തിന്‍റെ കേരളപാഠം എന്ന പേരില്‍ കോവിഡ് ആസ്പദമാക്കി ശിശുദിന സ്റ്റാമ്പും പുറത്തിറക്കി.