LiveTV

Live

Kerala

പോക്സോ കേസിൽ ഇരകളായവർക്കുള്ള നിർഭയ ഹോമുകൾ നിർത്തുന്നു

ജില്ലാ കേന്ദ്രങ്ങളില്‍ പലതും വാടക കെട്ടിടങ്ങളിലാണുള്ളതെന്നും ശാസ്ത്രീയമായ പുനരധിവാസമാണ് നടപ്പാക്കുന്നതെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി

 പോക്സോ കേസിൽ ഇരകളായവർക്കുള്ള നിർഭയ ഹോമുകൾ നിർത്തുന്നു

സംസ്ഥാനത്ത് പോക്സോ കേസിൽ ഇരകളായവർക്കുള്ള നിർഭയ ഹോമുകൾ നിർത്തുന്നു. ഇരകളെ പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. നിലവിലുള്ള നിര്‍ഭയ ഹോമുകളെ എന്‍ട്രി ഹോമുകളാക്കും. ശാസ്ത്രീയമായ പുനരധിവാസം നടപ്പാക്കാനാണ് തൃശൂരില്‍ മാതൃകാ ഹോം സ്ഥാപിച്ചതെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

13 നിർഭയ ഹോമുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവിടെ കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒന്നിച്ചാണ് കഴി‍ഞ്ഞിരുന്നത്. ഇവക്ക് പകരം പ്രായം, മാനസികാവസ്ഥ തുടങ്ങിയവ കണക്കിലെടുത്ത് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റാണ് തീരുമാനം. പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള പഠിക്കുന്ന കുട്ടികളെ തൃശൂരിലുള്ള മാതൃകാ ഹോമിലേക്ക് മാറ്റും. 16 വയസിന് മുകളിലുള്ളവര്‍ക്ക് തേജോമയ, 12 വയസിന് താഴെയുള്ളവര്‍ക്ക് എസ്.ഒ.എസ് എന്നിങ്ങനെയാണ് സജ്ജീകരിക്കുക.

സ്കൂൾ, കോളജ് ക്ലാസുകൾ തുറക്കുന്നതിന് മുമ്പ് പെൺകുട്ടികളെ മാതൃകാഹോമിലേക്ക് മാറ്റാനുള്ള ക്രമീകരണം ഒരുക്കാനാണ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ പ്ലസ്ടു, ഡിഗ്രി അവസന വർഷo കുട്ടികളെ മാറ്റില്ല. ഇരുന്നുറോളം പേരെ പാർപ്പിക്കാവുന്ന രീതിയിലാണ് തൃശൂരിലെ മാതൃകാ ഹോമിലെ സജീകരണം. നിലവിലുള്ളവ എൻട്രി ഹോമുകൾ മാത്രമാക്കും.

എൻട്രി ഹോമുകളിൽ എത്തുന്നവരെ കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പടെ നടപടികൾ പൂർത്തിയായാൽ മാതൃകാഹോമിലേക്ക് മാറ്റണം. നിർഭയ കേന്ദ്രങ്ങളിലെ ജീവനക്കാരെ പുനക്രമീകരണം നടത്തും. എൻട്രി ഹോമുകളിൽ എത്തുന്നവരുടെ കേസുകൾ അതത് ജില്ലകളിലെ ലീഗൽ കൗൺസിലർമാർ നടത്തണമെന്നും ഉത്തരവിൽ പറയുന്നു.

ജില്ലാ കേന്ദ്രങ്ങളില്‍ പലതും വാടക കെട്ടിടങ്ങളിലാണുള്ളതെന്നും ശാസ്ത്രീയമായ പുനരധിവാസമാണ് നടപ്പാക്കുന്നതെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. കേസുകളുടെ വിചാരണ കാലയളവില്‍ മികച്ച പരിചരണം നല്‍കാനുദ്ദേശിച്ചാണ് ശാസ്ത്രീയമായ ഹോമുകള്‍ തയ്യറാക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.