LiveTV

Live

Kerala

പാലക്കാട് നഗരസഭയില്‍ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കലഹം

അർഹമായ സീറ്റ് നല്‍കാതെ പാര്‍ട്ടി അവഗണിച്ചതായി തുറന്നു പറഞ്ഞ് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എസ്.ആർ. ബാലസുബ്രഹ്മണ്യന്‍ മത്സരത്തിൽ നിന്ന് പിന്മാറി

പാലക്കാട് നഗരസഭയില്‍ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കലഹം

പാലക്കാട് നഗരസഭ സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി ബി.ജെ.പിയിൽ കലഹം. അർഹമായ സീറ്റ് നല്‍കാതെ പാര്‍ട്ടി അവഗണിച്ചതായി തുറന്നു പറഞ്ഞ് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം എസ്.ആർ. ബാലസുബ്രഹ്മണ്യന്‍ മത്സരത്തിൽ നിന്ന് പിന്മാറി. ജില്ലയില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരുടെ താത്പര്യങ്ങളാണ് ഇത്തരം അവഗണനക്ക് പിന്നിലെന്നും ബാല സുബ്രമണ്യന്‍ മീഡിയാവണിനോട് പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന കേരളത്തിലെ ഒരേയൊരു നഗരസഭയായ പാലക്കാട് പാര്‍ട്ടിയുടെ സ്ഥാനാർത്ഥിപട്ടിക വന്നപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പലരും തഴയപ്പെട്ടു . ദേശീയ കൗണ്‍സില്‍ അംഗമായ എസ്.ആര്‍ ബാലസുബ്രമണ്യന് വിജയ സാധ്യതയുള്ള വടക്കന്തറക്ക് പകരം പുത്തൂർ നോർത്തിൽ സീറ്റ് നല്‍കുകയായിരുന്നു.

ഇതോടെയാണ് അദ്ദേഹം അതൃപ്തി പരസ്യമാക്കി മത്സരത്തിൽ നിന്ന് പിന്മാറിയത്. തന്നോട് കാണിച്ചത് അവഗണനയാണെന്നും ജില്ലയിലെ ചിലനേതാക്കളുടെ താത്പര്യങ്ങളാണ് ഇത്തരം അവഹേളനങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ബാലസുബ്രഹ്മണ്യം പിന്മാറിയതിന് പിന്നാലെ ബി.ജെ.പി ജില്ല അധ്യക്ഷൻ ഇ. കൃഷ്ണദാസിനോട് മത്സരത്തിനിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു സംസ്ഥാന നേതൃത്വം.

തെരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ജില്ല പ്രസിഡന്‍റ് നേരിട്ട് മത്സരിക്കുന്നതിലും പാര്‍ട്ടിക്കകത്ത് മുറുമുറുപ്പുണ്ട്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി രീതിയല്ലെന്നാണ് ആക്ഷേപം. അതോടൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ മത്സരിച്ചിരുന്ന വാർഡിൽ ഭാര്യ മിനി കൃഷ്ണകുമാറിനെ മത്സരത്തിനിറക്കിയതും പ്രതിഷേധം വിളിച്ചു വരുത്തി. കൂടിയാലോചനകളില്ലാതെ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറും ഇ. കൃഷ്ണദാസും ചേർന്ന് താത്പര്യമുള്ളവരെ സ്ഥാനാർത്ഥി പട്ടികയിൽ തിരുകി കയറ്റിയെന്നാണ് ആരോപണം.