LiveTV

Live

Kerala

സ്വപ്നയുടെ ലോക്കറിലെ പണം: അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലില്‍ വൈരുധ്യം

ലോക്കറിലുളള പണം സ്വർണക്കടത്തിലൂടെ ലഭിച്ചതാണെന്ന് തെളിയിക്കാനായില്ലെങ്കിൽ തുടരന്വേഷണം എൻഐഎക്കും കസ്റ്റംസിനും തലവേദനയാകും

സ്വപ്നയുടെ ലോക്കറിലെ പണം: അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലില്‍ വൈരുധ്യം

സ്വപ്ന സുരേഷിന്‍റെ ലോക്കറില്‍ നിന്നും പിടിച്ചെടുത്ത പണത്തെ കുറിച്ച് അന്വേഷണ ഏജൻസികൾക്കുളള ആശയക്കുഴപ്പം സ്വർണക്കടത്ത് കേസിൽ തിരിച്ചടിയാകുമെന്ന് സൂചന. ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം സ്വർണക്കടത്തിലൂടെ ലഭിച്ചതാണെന്നാണ് എൻഐഎയുടെയും കസ്റ്റംസിൻറെയും നിലപാട്. എന്നാല്‍ ഇത് ലൈഫ് മിഷനിലൂടെ ലഭിച്ച കമ്മീഷനാണെന്ന ഇ.ഡി കണ്ടെത്തിയതോടെയാണ് വൈരുധ്യം പുറത്ത് വരുന്നത്.

സ്വപ്നയുടെ രണ്ട് ലോക്കറില്‍ നിന്നായി എന്‍ഐഎ കണ്ടെടുത്തത് ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ്. എന്‍ഐഎയും മറ്റ് ഏജന്‍സികളും ഇത് സ്വർണക്കടത്തിലൂടെ കണ്ടെത്തിയ പണമാണെന്നാണ് കോടതിയില്‍ നൽകിയ വിശദീകരണം. എന്നാല്‍ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ കണ്ടെത്തലാണ് ഇ.ഡി മുന്നോട്ട് വെക്കുന്നത്. ലോക്കറിലുളള പണം ലൈഫ് മിഷൻ കരാറിലൂടെ ശിവശങ്കറിന് ലഭിച്ച കമ്മീഷൻ തുകയെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്. ഇതോടെ പണം സംബന്ധിച്ച വ്യക്തത വരുത്താൻ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയാതെയായി.

സ്വർണക്കടത്ത് പണമെന്ന എൻഐഎയുടെ വാദം ഇ.ഡിയും പ്രാഥമിക ഘട്ടത്തിൽ അംഗീകരിച്ചിരുന്നു. പിന്നീട് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ഇത് ലൈഫ് മിഷന്‍ കോഴയാണെന്ന് കണ്ടെത്തിയെന്നാണ് ഇ.ഡി പറയുന്നത്. എന്നാല്‍ എന്‍ഐഎ ഇത് ഇപ്പോഴും തിരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ വ്യത്യസ്ത നിലപാട് കോടതിയില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയാകും. കഴിഞ്ഞ ദിവസം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഇക്കാര്യം കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ച ഏജന്‍സികള്‍ ഇപ്പോള്‍ ലൈഫ് കോഴയിലേക്ക് തിരിഞ്ഞതിനെ കുറിച്ചും കോടതി പരോക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ അഭിഭാഷകരടക്കം വരും ദിവസങ്ങളില്‍ കോടതിയില്‍ ഈ വൈരുദ്ധ്യം ഉയർത്തിക്കാട്ടാനാകും ശ്രമിക്കുക. ലോക്കറിലുളള പണം സ്വർണക്കടത്തിലൂടെ ലഭിച്ചതാണെന്ന് തെളിയിക്കാനായില്ലെങ്കിൽ തുടരന്വേഷണം എൻഐഎക്കും കസ്റ്റംസിനും തലവേദനയാകും.