LiveTV

Live

Kerala

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം, നിയമസഭ തെരഞ്ഞെടുപ്പ്: വിജയരാഘവനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ

സമ്മേളനങ്ങളിലൂടെയല്ലാതെ സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിമാർ മാറിയിട്ട് വർഷങ്ങളായി. അതുകൊണ്ട് തന്നെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സി.പി.എം നേരിടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം, നിയമസഭ തെരഞ്ഞെടുപ്പ്: വിജയരാഘവനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ

സി.പി.എമ്മിന്‍റെ താത്കാലിക സെക്രട്ടറി എ. വിജയരാഘവനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കുകയെന്നതാണ് ആദ്യത്തെ അഗ്നിപരീക്ഷ. തൊട്ടുപിന്നാലെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടിയെ സജ്ജമാക്കാനുള്ള ചുമതല വിജയരാഘവനാണ്

സമ്മേളനങ്ങളിലൂടെയല്ലാതെ സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിമാർ മാറിയിട്ട് വർഷങ്ങളായി. അതുകൊണ്ട് തന്നെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സി.പി.എം നേരിടുന്നത്. നിർണായകമായ തെരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങുന്നതിനിടെ സെക്രട്ടറി മാറിയത് പ്രതിസന്ധിയുടെ ആഘാതം കൂട്ടി. ചികിത്സയ്ക്ക് വേണ്ടിയാണ് കോടിയേരിക്ക് അവധി നൽകിയതെന്ന് പാർട്ടി വിശദീകരിച്ചാലും അതേപടി അണികളും പൊതുജനങ്ങളും വിശ്വസിച്ചു കൊള്ളണമെന്നില്ല. ഇതിന്‍റെ കാരണം അണികളെ ബോധ്യപ്പെടുത്തൽ ആണ് പുതിയ സെക്രട്ടറിയുടെ പ്രധാന ദൗത്യങ്ങളിൽ ഒന്ന്.

പാർട്ടിയും സർക്കാരും തമ്മിലുള്ള ഐക്യം ഉറപ്പാക്കുന്നതിലും, സിപിഎമ്മും മറ്റ് ഘടകക്ഷികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിലും കോടിയേരി സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എ. വിജയരാഘവന്‍റെ മുന്നിലേക്ക് എത്തുന്ന ആദ്യത്തെ വെല്ലുവിളി അതായിരിക്കും. കാലങ്ങളായി ഒരുക്കങ്ങൾ നടത്തിയാണ് പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന് പാർട്ടിയെ പാകപ്പെടുത്തിയെടുക്കുക എന്നതാണ് മറ്റൊരു കടമ്പ. എന്തായാലും താത്കാലികമായ സെക്രട്ടറി ആണെങ്കിലും പാർട്ടിയും സർക്കാരും വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് വിജയരാഘവൻ അമരക്കാരനാവുന്നത്.