LiveTV

Live

Kerala

വിവാദങ്ങളുടെ തോഴന്‍, പിണറായിയുടെ വിശ്വസ്തന്‍

ജീവിത സാഹചര്യങ്ങളോട് മല്ലിട്ട ബാല്യവും കൌമാരവുമൊക്കെയാണ് എ. വിജയരാഘവനെന്ന രാഷ്ട്രീയ നേതാവിന്‍റെ കരുത്ത്.

വിവാദങ്ങളുടെ തോഴന്‍, പിണറായിയുടെ വിശ്വസ്തന്‍

കൊടിയേരിക്ക് പകരം പാർട്ടി സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയ എ. വിജയരാഘവന്‍ ഇടതുമുന്നണി കണ്‍വീനറും പാര്‍ട്ടി പ്രചാരണ വിഭാഗത്തിന്‍റെ ചുമതലക്കാരനുമാണ്. പലപ്പോഴും വിവാദ പരാമര്‍ശങ്ങളിലൂടെ മാധ്യമങ്ങളില്‍ ഇടം പിടിക്കാറുള്ള വിജയരാഘവന്‍ വിഭാഗീയ കാലത്ത് പിണറായി പക്ഷത്തിന്റെ ശക്തമായ നാവായിരുന്നു. ജീവിത സാഹചര്യങ്ങളോട് മല്ലിട്ട ബാല്യവും കൌമാരവുമൊക്കെയാണ് എ. വിജയരാഘവനെന്ന രാഷ്ട്രീയ നേതാവിന്‍റെ കരുത്ത്.

കോടിയേരി ബാലകഷ്ണന്‍ പടിയിറങ്ങുമ്പോള്‍ പലരും സെക്രട്ടറി ചുമതലയില്‍ പ്രതീക്ഷിച്ചത് കണ്ണൂരില്‍ നിന്നുള്ള മുഖങ്ങളെയായിരുന്നു. എന്നാല്‍ നിയോഗം എത്തിചേര്‍ന്നത് വിജയരാഘവനിലും. സര്‍ക്കാരിനെയും പാര്‍ട്ടിയേയും നിയന്ത്രിക്കുന്നത് കണ്ണൂര്‍ നേതാക്കളെന്ന ചൊല്ലിന് കൂടി മാറ്റം വരികയാണ് വിജയരാഘവന്‍റെ വരവോടെ. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു എല്ലാ കാലത്തും എ വിജയരാഘവന്‍. വിഭാഗീയ കാലത്ത് കേന്ദ്ര കമ്മറ്റിയില്‍ ഔദ്യോഗിക പക്ഷത്തിനായി പടവെട്ടി. ഇപ്പോള്‍ പിബി അംഗങ്ങളേയും സീനിയറായ കേന്ദ്രകമ്മറ്റി അംഗങ്ങളേയുമൊക്കെ മറികടന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് പകരകാരനാവുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ പദവിക്കൊപ്പം പാര്‍ട്ടിയുടെ പ്രചാരണ വിഭാഗത്തിന്റെ ചുമതല കൂടി വഹിക്കവെയാണ് പാര്‍ട്ടിയെയാകെ നയിക്കുകയെന്ന ഉത്തരവാദിത്വം കൂടി വിജയരാഘവനെ തേടിയെത്തുന്നത്.

ദാരിദ്രത്തിലൂടെ കടന്ന വിദ്യാര്‍ത്ഥികാലത്ത് ഹോട്ടലുകളിലടക്കം ജോലി നോക്കിയിട്ടുണ്ട് എ. വിജയരാഘവന്‍. പഠനം മുടങ്ങിയയിടത്ത് നിന്ന് തിരികെയെത്തി റാങ്ക് ജേതാവായതും ചരിത്രം. വിദ്യാര്‍ത്ഥി കാലത്ത് സംഘടനാരംഗത്ത് കാട്ടിയ മികവ് പടിപടിയായ വളര്‍ച്ചയ്ക്ക് കളമൊരുക്കി .1989 ലോകസഭാംഗമായി . പിന്നീട് രാജ്യസഭയിലും. ഒപ്പം കര്‍ഷക സംഘം നേതാവെന്ന നിലയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലും എത്തി. ഇത് കേന്ദ്ര കമ്മറ്റിയിലേക്കുള്ള പ്രവേശനത്തിനും വിഴിവെച്ചു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് രമ്യ ഹരിദാസിന് എതിരെ നടത്തിയ പരാമര്‍ശങ്ങളടക്കം പലതും വിവാദമായി. പക്ഷേ അപ്പോഴെല്ലാം പാര്‍ട്ടി ഒപ്പം നിന്നു. കേരള കോണ്‍ഗ്രസ് ജോസ് പക്ഷവും എല്‍ജെഡിയും തിരികെ മുന്നണിയിലെത്തുന്ന കാലത്ത് മുന്നണി കണ്‍വീനറായി പടനയിക്കുന്നതിനിടെയാണ് പുതിയ നിയോഗം.