LiveTV

Live

Kerala

പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍'വ്യാജം' നടക്കുന്ന മാവോയിസ്റ്റ് 'വേട്ടകള്‍'

കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. ഏകപക്ഷീയമായ അക്രമമാണ് വയനാട്ടില്‍ നടന്നതെന്നും ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് സിപിഐയുടെ നിലപാട്

പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍'വ്യാജം' നടക്കുന്ന മാവോയിസ്റ്റ് 'വേട്ടകള്‍'

പിണറായി സര്‍ക്കാരിന്റെ കാലത്തെ എട്ടാമത്തെ മാവോയിസ്റ്റ് കൊലപാതകമാണ് നവംബര്‍ 3 ന് വയനാട്ടില്‍ നടന്നത്. ആഭ്യന്തരം കൈയ്യാളുന്ന മുഖ്യമന്ത്രിയുടെ അനുവാദത്തോടു കൂടി നടക്കുന്ന വ്യാജ ഏറ്റമുട്ടലുകളാണെന്ന ആക്ഷേപവും ഉയര്‍ന്നു വരുന്നുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി നാല് വര്‍ഷത്തിനിടയില്‍ നാല് ഏറ്റുമുട്ടലുകളാണ് ഇതുവരെ നടന്നത്. അവയില്‍ കൊലപാതകങ്ങളല്ലാതെ അറസ്റ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. നിയമം പാലിക്കേണ്ടവര്‍ തന്നെ ഭരണകൂടത്തന്റെ ഒത്താശയോടു കൂടി നിയമം കൈയ്യിലെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ വിമര്‍ശനം.

വേല്‍മുരുകന്‍
വേല്‍മുരുകന്‍

വയനാട്ടിലെ ബാണാസുര വനമേഖലയില്‍ തണ്ടര്‍ ബോള്‍ട്ടുമായുളള ഏറ്റുമുട്ടലിലാണ് തമിഴ്‌നാട് സ്വദേശിയായ വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്. സംഭവദിവസം മീന്‍മൂട്ടി വെളളച്ചാട്ടത്തിനു സമീപമുളള പതിവു പരിശോധനയ്ക്കിടെ എതിരെവന്ന മാവോയിസ്റ്റ് സംഘം വെടിവെയ്ക്കുകയായിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് മാവോയിസ്റ്റ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് എന്നുമായിരുന്നു പോലീസ് ഭാഷ്യം. വെടിവെയ്പ്പ് നടത്തിയ ആറംഗ മാവോയിസ്റ്റ് സംഘത്തില്‍ നിന്നും റൈഫിളുകളും ലഘുലേഘകളും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍'വ്യാജം' നടക്കുന്ന മാവോയിസ്റ്റ് 'വേട്ടകള്‍'

എന്നാല്‍ വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്നും ഏകപക്ഷീയമായി മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തുകയും ചെയ്തു. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് തണ്ടര്‍ബോള്‍ട്ട് വേല്‍മുരുകനെ കൊന്നു കളഞ്ഞതെന്ന് കുറ്റപ്പെടുത്തി കുടുംബം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇങ്ങനെ മാവോയിസ്റ്റുകളെ വ്യാജ ഏറ്റമുട്ടലിന്റെ പേരില്‍ വെടിവെച്ച് കൊല്ലുന്നത് കേന്ദ്ര ഫണ്ട് ലഭിക്കാനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറയുന്നു. പിണറായി സര്‍ക്കാരിന്റെ നിരന്തരമായുളള മാവോയിസ്റ്റ് ഏറ്റമുട്ടലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും കൃത്യമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് സിപിഐ.

ചരിത്രം, നക്‌സല്‍ വര്‍ഗീസും കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരും

1970 ല്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അടിയോരുടെ പെരുമണ്‍ എന്നറിയപ്പെടുന്ന നക്‌സല്‍ വര്‍ഗീസ് കൊല്ലപ്പെട്ടതാണ് കേരളത്തില്‍ രേഖപ്പെടുത്തിയ ആദ്യ ഏറ്റുമുട്ടല്‍ കൊലപാതകം. തിരുനെല്ലി കാട്ടില്‍ പോലീസുമായുളള ഏറ്റുമുട്ടലില്‍ വര്‍ഗ്ഗീസ് കൊല്ലപ്പെട്ടു എന്നായിരുന്നു അന്നത്തെ ഔദ്യോഗിക ഭാഷ്യം. പിന്നീട് 28 കൊല്ലങ്ങള്‍ക്കു ശേഷം 1998 ല്‍ അന്നത്തെ പോലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിലൂടെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.

പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍'വ്യാജം' നടക്കുന്ന മാവോയിസ്റ്റ് 'വേട്ടകള്‍'

പിന്നീട് ഇങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞുമായി കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ചെറിയ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെങ്കിലും അവയൊന്നും കൊലപാതകങ്ങളിലേക്ക് നീങ്ങിയിരുന്നില്ല. 2013 ഫെബ്രുവരിയില്‍ നിലമ്പൂര്‍ വനമേഖലയിലാണ് മാവോവാദികളുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. 2014 നവംബറില്‍ തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ മാവോവാദികള്‍ ചെറിയ അക്രമങ്ങള്‍ നടത്തുകയും ഓഫീസ് തകര്‍ക്കുകയും ചെയ്തു. പിന്നീട് അതേ വര്‍ഷം തന്നെ നവംബര്‍ 23 ന് പാലക്കാട്ടും വയനാട്ടില്‍ മൂന്നിടത്തുമായി ആക്രമണങ്ങള്‍ ഉണ്ടായി. ഡിസംബര്‍ ഏഴിനാണ് മാവോയിസ്റ്റുകളും പോലീസ് സംഘവും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘത്തില്‍ രൂപേഷ് ഉണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അന്നത്തെ ഏറ്റുമുട്ടലുകളൊന്നും കൊലപാതകങ്ങളായി മാറിയില്ല.

അജിതയും കുപ്പുദേവരാജും

2016 നവംബര്‍ 24നാണ് മാവോയിസ്റ്റ് നേതാവായ കുപ്പുദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടത്. കരുളായി വനത്തില്‍ ഒന്നര മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. 22 അംഗ മാവോയിസ്റ്റുകള്‍ വനത്തില്‍ ഉണ്ടായിരുന്നുവെന്നും തണ്ടര്‍ബോള്‍ട്ടും കേരള പോലീസിലെ ഭീകരവിരുദ്ധ സേനയും ചേര്‍ന്ന 60 അംഗ സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞത്.

കുപ്പുദേവരാജ്, അജിത
കുപ്പുദേവരാജ്, അജിത

വെടിയേറ്റ് ആന്തരികാവയങ്ങള്‍ തകര്‍ന്നതാണ് ഇരുവരുടെയും മരണകാരണമെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. കുപ്പു ദേവരാജിന്റെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളേറ്റ മുറിവുണ്ടായിരുന്നു, അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളുമേറ്റിരുന്നു. കുപ്പുദേവരാജിനേറ്റ വെടിയുണ്ടകളില്‍ മൂന്നെണ്ണം ശരീരം തുളച്ചു പുറത്തു പോയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അജിതയുടെ ശരീരത്തില്‍ നിന്നും 15 വെടിയുണ്ടകള്‍ തുളച്ച് പുറത്തുപോയി. കുപ്പു സ്വാമിക്ക് പിന്നില്‍ നിന്നാണ് കൂടുതല്‍ വെടിയേറ്റത്. ഇരുവരുടെയും ശരീരത്തില്‍ നിന്ന് എകെ 47, എസ്.എല്‍ആര്‍ മോഡല്‍ യന്ത്ര തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടതിനു ശേഷം പുറത്തുവന്ന ഇരുവരുടെയും ചിത്രങ്ങളിലെ അവ്യക്തത വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയായിരുന്നു. ഇവ ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടതിന് ശേഷം പുറത്തുവന്ന ചിത്രങ്ങള്‍. മാധ്യമപ്രവര്‍ത്തകരെ സംഭവ സ്ഥലത്ത് പ്രവേശിപ്പിക്കാതിരുന്നത്, ഒന്നര മണിക്കൂറോളം വെടിവെയ്പ്പ് നടന്നിട്ടും പ്രദേശവാസികള്‍ അറിയാതിരുന്നത് ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്ത്.

സിപി ജലീല്‍

2019 മാര്‍ച്ച് ആറിന് സിപി ജലീല്‍ കൊല്ലപ്പെട്ടതായിരുന്നു പിണറായി സര്‍ക്കാരിന്റെ കാലത്ത് അരങ്ങേറിയ അടുത്ത ഏറ്റുമുട്ടല്‍ കൊലപാതകം. വ്യാജ ഏറ്റുമുട്ടലിലാണ് ജലീല്‍ കൊലപ്പെട്ടതെന്ന് ഉറപ്പിക്കാവുന്ന തരത്തിലുളള തെളിവുകളാണ് ഔദ്യോഗിക അന്വേഷണത്തില്‍ തന്നെ പുറത്തു വരുന്നത്. വയനാട്ടിലെ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടത്. മാവോവാദികള്‍ എത്തിയുണ്ടെന്ന വിവരമറിഞ്ഞ് എത്തിയ പോലീസിനു നേരെ പ്രകോപന അന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് ഏറ്റമുട്ടല്‍ ഉണ്ടായതെന്നായിരുന്നു പോലീസിന്റെ വാദം.

സിപി ജലീല്‍
സിപി ജലീല്‍

ജലീലിനൊപ്പം ഉണ്ടായിരുന്ന കൂട്ടാളി ഓടിപ്പോവുകയും ചെയ്തു. എന്നാല്‍ ജലീലും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം പ്രദേശത്ത് നിന്നും ഫോറന്‍സിക് പരിശോധനക്ക് എത്തിയത് പോലീസിന്റെ 7.62mm calibre service rifle മാത്രമാണ്. നീണ്ട നേരം നടന്ന ഏറ്റുമുട്ടലില്‍ ജലീലിനല്ലാതെ ആര്‍ക്കും പരിക്കേറ്റില്ല എന്നതാണ് മറ്റൊരു കാര്യം. ജലീലിന്റെ കാര്യത്തില്‍ മാത്രമല്ല മുന്‍പ് നടന്ന ഏറ്റുമുട്ടലിലും ഇങ്ങനെ ഒക്കെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നതാണ് വസ്തുത.

പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍'വ്യാജം' നടക്കുന്ന മാവോയിസ്റ്റ് 'വേട്ടകള്‍'

റിസോര്‍ട്ടിനു പുറത്ത് നിര്‍മ്മിച്ച കുളത്തിന് സമീപം ഒട്ടേറെ വെടിയുണ്ടകള്‍ ശരീരത്ത് തുളച്ച് കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. ജലീലിന്റെ സമീപത്തു നിന്നും ഒരു നാടന്‍ തോക്കും കണ്ടെടുത്തിരുന്നു. എന്നാല്‍ ഈ തോക്കില്‍ നിന്നും ഒരു വെടി പോലും പൊട്ടിച്ചിട്ടില്ലയെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. മാത്രമല്ല ജലീലിന്റെ കൈയ്യില്‍ നിന്നും കണ്ടെടുത്ത സ്രവത്തില്‍ വെടിമരുന്നിന്റെ അംശവും കണ്ടെത്താനായിരുന്നില്ല. മാവോയിസ്റ്റുകള്‍ തോക്കില്‍ നിന്നും വെടിയുര്‍ത്തിരുന്നില്ല എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവരുമായി ഏറ്റുമുട്ടിയാണ് പോലീസ് നീണ്ട നേരത്തെ വെയിവെയ്പ്പ് നടത്തിയ പറയുന്നത്.

റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തലും ജലീലിന്റെ മരണം വ്യാജ ഏറ്റമുട്ടലാണെന്ന് ഒന്നു കൂടി ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. റിസോര്‍ട്ടില്‍ മാവോവാദികള്‍ ഉണ്ടെന്ന വിവരമറിഞ്ഞെത്തിയ പോലീസാണ് ആദ്യം വെടിയുതിര്‍ത്തതെന്നും, മാവോയിസ്റ്റുകള്‍ റിസോര്‍ട്ടില്‍ ത്തെിയ വിവരം തങ്ങള്‍ പോലീസിനെ അറിയിച്ചിരുന്നില്ല എന്നുമായിരുന്നു റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തല്‍.

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍

2019 ല്‍ തന്നെയാണ് അടുത്ത ഏറ്റുമുട്ടല്‍ കൊലപാതകവും നടന്നത്. ഒക്ടോബര്‍ 28 ന് അട്ടപ്പാടി വനമേഖലയക്ക് സമീപമുളള മഞ്ചിക്കണ്ടി ഊരില്‍ തണ്ടര്‍ബോള്‍ട്ടിന്റെ തിരിച്ചിലിനിടയില്‍ വെടിവെയ്പ്പുണ്ടായി. ഏറ്റുമുട്ടലില്‍ കര്‍ണാടക സ്വദേശികളായ ശ്രീമതി, സുരേഷ് , മണിവാസകം, കാര്‍ത്തിക് എന്നിങ്ങനെ നാല് പേര്‍ കൊല്ലപ്പെട്ടു.

 മണിവാസകം,കാര്‍ത്തിക്, സുരേഷ്, ശ്രീമതി
മണിവാസകം,കാര്‍ത്തിക്, സുരേഷ്, ശ്രീമതി

മാവോയിസ്റ്റുകള്‍ ആക്രമിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്ന പതിവ് പ്രസ്താവന തന്നെയായിരുന്നു മഞ്ചിക്കണ്ടി സംഭവത്തിലും പോലീസ് പ്രയോഗിച്ചത്. മാവോയിസ്റ്റുകള്‍ തമ്പടിച്ചിരുന്ന സ്ഥലത്ത് നിന്നും ഒരു തോക്കും ഭക്ഷണാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെ മരങ്ങളിലെല്ലാം വെടിയടയാളങ്ങളും കണ്ടെത്തിയിരുന്നു. അതേസമയം സംഭവ സ്ഥലത്തേക്ക് സേനാംഗങ്ങളെയോ മാധ്യമപ്രവര്‍ത്തകരെയോ കടത്തി വിട്ടിരുന്നില്ല.

മാവോയിസ്റ്റ് വേട്ട കേന്ദ്ര ഫണ്ടിന് വേണ്ടിയോ?

മാവോയിസ്റ്റ് വേട്ട കേന്ദ്ര ഫണ്ടിന് വേണ്ടിയാണ് എന്നാണ് പരക്കെയുള്ള ആക്ഷേപം. കേന്ദ്ര ഫണ്ടിന് വേണ്ടി മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്ന പൊലീസ് നടപടി തെറ്റാണെന്ന് സി.പി.ഐ പറയുന്നു. വെടിവെച്ച് കൊല്ലുന്ന നടപടി ഭരണകൂടം അവസാനിപ്പിക്കണമെന്നും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. എതിരഭിപ്രായം പറയുന്നവരെ വെടിവെച്ച് കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നും മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്നതുപോലെയുളള മാവോയിസ്റ്റ് വേട്ട ഇവിടെ വേണ്ടെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പൊലീസിന്‍റെ മാവോയിസ്റ്റ് വേട്ടക്കെതിരെ നേരത്തെ സ്വീകരിച്ച നിലപാട് കൂടുതല്‍ ശക്തമായി ഉന്നയിക്കുകയാണ് സിപിഐ. ഝാര്‍ഖണ്ഡ്,ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലുള്ള പോലെ കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണിയില്ല. മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താനുളള സാഹചര്യമാണ് ഒരുക്കേണ്ടതെന്ന് നേരത്തെ തന്നെ നിലപാടെടുത്തവരായിരുന്നു സിപിഐ ദേശീയ നേതൃത്വം.