LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ്

പത്തനാംപുരം സ്വദേശി പ്രദീപ് കുമാർ എന്നയാളാണ് ഭീഷണിപ്പെടുത്തിയത്.നേരിട്ടും തമിഴ്നാട്ടിലെ നമ്പർ ഉപയോഗിച്ച് ഫോണിലൂടെയും പ്രദീപ് വിപിനെ ഭീഷണിപ്പെടുത്തി

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയത്  ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ്

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയെ പ്രതിചേർത്ത് അന്വേഷണം. കൊല്ലം കോട്ടാത്തല സ്വദേശി പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.

2020 ജനുവരി 24നാണ് പ്രദീപ് കുമാർ കാസർകോട് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിൻ ലാലിന്‍റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിൻ ലാലിനെ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് മടങ്ങിയ പ്രദീപ് സെപ്റ്റംബർ 24, 25, 26 തിയതികളിൽ ഭീഷണിക്കത്തുകൾ അയക്കുകയായിരുന്നു.

വിപിന്‍റെ പരാതിയിൽ കേസെടുത്ത ബേക്കൽ പൊലീസ് ഒന്നരമാസത്തെ അന്വേഷണത്തിനൊടുവിലാണ് കെ.ബി ഗണേഷ് കമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപാണ് സ്വാധീനിക്കാൻ ശ്രമിച്ചത് എന്ന നിഗമനത്തിലേക്ക് എത്തിയത്. കാഞ്ഞങ്ങാട്ടെ ഓട്ടോക്കാരന്‍റെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ കൊട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽ നിന്ന് കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിന്‍റെ വിചാരണയിൽ വിപിന്‍റെ മൊഴികൾ നിർണായകമാണ്