LiveTV

Live

Kerala

എം ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖ ഇ.ഡിയ്ക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നു

ഇതിനായി രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. ഉത്തരവിന്‍റെ പകർപ്പ് മീഡിയവണിന്

എം ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖ ഇ.ഡിയ്ക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നു

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം. ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖ ഇ.ഡിയ്ക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി രണ്ട് ഉദ്യോഗസ്ഥരെ ചുമതപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങി. എന്നാൽ രേഖകൾ എന്ന് കൈമാറുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

എം. ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ ആരംഭിച്ച കെ ഫോൺ പദ്ധതിയുടെ ഉൾപ്പടെ രേഖകളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നൽകാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിനായി ഐ ടി വകുപ്പിലെ അണ്ടർ സെക്രട്ടറി എൻ സി സന്തോഷിനെയും സെക്ഷൻ ഓഫീസർ മാത്യു ജോൺ എന്നിവരെ കൊച്ചി ഇ ഡി ഓഫീസിലെത്തി പ്രദ്ധതി രേഖകൾ നൽകാൻ ചുമതപ്പെടുത്തി കൊണ്ട് ഐ ടി വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ശനിയാഴ്ച്ച രേഖകൾ കൈമാറാനായിരുന്നു നിർദ്ദേശം. എന്നാൽ നിയമോപദേശം ലഭിച്ച ശേഷം രേഖകൾ കൈമാറിയാൽ മതിയെന്ന തീരുമാനത്തെ തുടർന്ന് ഉദ്യോഗസ്ഥരുടെ യാത്ര റദ്ദാക്കി.

എം. ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ ഇടപെട്ട കെ ഫോൺ, സ്മാർട്ട് സിറ്റി, ടോറസ് ടൗൺ ഡൗൺ, ഇ മൊബിലിറ്റി എന്നിവയുടെ രേഖകൾ ആവശ്യപ്പെട്ട് ഒക്ടോബർ 31 നാണ് ഇഡി സർക്കാരിന് കത്ത് നൽകിയത്. ഈ പദ്ധതിയിലൂടെ എം ശിവശങ്കർ റിയൽ എസ്റ്റേറ്റ്, കള്ളപ്പണ ഇടപാടുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്നാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഐ ടി നിക്ഷേപവുമായി ബന്ധപ്പെട്ട് 2 വർഷം മുമ്പ് ശിവശങ്കർ അമേരിക്കൻ യാത്ര നടത്തിയതിന്‍റെ രേഖകളും ഇ.ഡി സർക്കാരിൽ നിന്ന് തേടിയിട്ടുണ്ട്. അന്ന് ബോസ്റ്റണിൽ നടന്ന നിക്ഷേപ സംഗമം ഒരുക്കിയത് ഡൗൺ ഡൗൺ പദ്ധതി നടപ്പിലാക്കുന്ന ടോറസ് ഇൻവെസ്റ്റ്മെന്‍റ് ഹോൾഡിംഗ്സായിരുന്നു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സർക്കാരും പറയുമ്പോഴാണ് ഇ.ഡി ചോദിച്ച രേഖകൾ കൈമാറാൻ 2 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത് ശ്രദ്ധേയമാകുന്നത്.