LiveTV

Live

Kerala

കോതമംഗലം പള്ളിത്തര്‍ക്കം; നടപ്പാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍

പള്ളി ഏറ്റെടുത്താല്‍ ഗുരുതരക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ജില്ല കലക്ടറും ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേന്ദ്രസേനയെ ഇറക്കിയാലും പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ നേതൃത്വം അറിയിച്ചു

കോതമംഗലം പള്ളിത്തര്‍ക്കം; നടപ്പാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിക്കേസിൽ വിധി നടപ്പാക്കാൻ മൂന്നു മാസം കൂടി വേണമെന്ന് ചൂണ്ടികാട്ടി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചു. പള്ളി ഏറ്റെടുത്താല്‍ ഗുരുതരക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ജില്ല കലക്ടറും ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേന്ദ്രസേനയെ ഇറക്കിയാലും പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായ സഭ നേതൃത്വം അറിയിച്ചു. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി ഏറ്റെടുക്കാത്തത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് സഭ നല്‍കിയ ഹരജി പരിഗണിക്കവേ ജില്ല കലക്ടര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പള്ളി ഏറ്റെടുക്കാന്‍ സമയം നീട്ടിനല്‍‌കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇരു സഭകളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ട്. തൽക്കാലം കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്നാണ് ചർച്ചകളിൽ ധാരണ ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ചർച്ചകളില്‍ തീരുമാനമാകുംവരെ നിലവിലെ അവസ്ഥ തുടരണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ഉണ്ടാകുമെന്ന ആശങ്ക മൂലമാണ് പള്ളി ഏറ്റെടുക്കുന്ന നടപടികൾ നിർത്തി വച്ചിരിക്കുന്നതെന്നാണ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്.

പള്ളി ഏറ്റെടുത്താല്‍ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോടതി ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന് ചർച്ചകളിൽ ധാരണ ഉണ്ടായിട്ടില്ലെന്ന് ഓർത്തഡോക്സ്‌ സഭയും കോടതിയെ അറിയിച്ചു. പള്ളി ഏറ്റെടുക്കുന്നതിനെതിരെ കോതമംഗലത്ത് മതമൈത്രി സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹർത്താൽ പൂർണമായിരുന്നു. പ്രതിഷേധ സൂചകമായി മതമൈത്രി സംരക്ഷണ സമിതിയും വിശ്വാസികളും എൽദോ മാർ ബസേലിയോസ് ബാവയുടെ ഖബറിടത്തിൽ വിശ്വാസ സംരക്ഷണ പ്രതിജ്ഞയെടുത്തു.