LiveTV

Live

Kerala

യൂത്ത് കോൺഗ്രസിന് അര്‍ഹമായ പ്രാതിനിധ്യമില്ല; കിട്ടിയ ഒറ്റ സീറ്റിന് എൻ.എസ്.എസിനോട് നന്ദി പറഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്

ഈ ഒരൊറ്റ വാര്‍ഡ് ലഭിക്കാന്‍ പോലും പാര്‍ട്ടി സ്വയം തീരുമാനിക്കാതെ എന്‍.എസ്.എസ് കനിയേണ്ടിവന്നതില്‍ യൂത്ത് കോണ്‍ഗ്രസിനകത്ത് പ്രതിഷേധം ശക്തമാണ്

യൂത്ത് കോൺഗ്രസിന് അര്‍ഹമായ പ്രാതിനിധ്യമില്ല; കിട്ടിയ ഒറ്റ സീറ്റിന് എൻ.എസ്.എസിനോട് നന്ദി പറഞ്ഞ്  യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസിന് കടുത്ത അമര്‍ഷം. ആകെ കിട്ടിയ സീറ്റ് എന്‍.എസ്.എസ് ഇടപെടലാണെന്ന് തുറന്ന് സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. കിട്ടിയ സീറ്റിന് എന്‍.എസ്.എസിന് നന്ദി പറഞ്ഞാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂറാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ പാൽക്കുളങ്ങര ഡിവിഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് ശംഭു(വിവേക് എച്ച് നായര്‍)വിനെയാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കോര്‍പ്പറേഷന് കീഴില്‍ യൂത്ത് കോണ്‍ഗ്രസിന് ലഭിച്ച ഏക പ്രാതിനിധ്യമാണ് ശംഭുവിലൂടെ ലഭിച്ച സീറ്റ്. ഒരൊറ്റ സീറ്റ് ലഭിക്കാന്‍ പോലും എൻ.എസ്.എസ് ഇടപെടല്‍ വേണ്ടിവന്നതില്‍ സംഘടനക്കകത്ത് പ്രതിഷേധം ശക്തമാണ്. എന്‍.എസ്.എസ് താലൂക്ക് യൂണിയൻ ഇടപെട്ടതിനെ തുടർന്നാണ് സ്ഥാനാർത്ഥിത്വം ലഭിച്ചതെന്ന് എൻ.എസ് നുസൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ സമ്മതിക്കുന്നു. വാര്‍ഡില്‍ സ്ഥാനാര്‍ഥിയാകാന്‍ അവസരം നല്‍കിയതില്‍ എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി സംഗീത്കുമാറിന് നന്ദി അറിയിച്ചാണ് എന്‍.എസ് നുസൂര്‍ നേതൃത്വത്തിനെതിരെ രംഗത്തുവന്നത്.

നേരത്തെ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ട ഡിവിഷനുകൾ ഒന്നും കോൺഗ്രസ് നൽകിയിരുന്നില്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫും ബി.ജെ.പിയും വലിയ യുവനിരയെ ഇറക്കി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ യു.ഡി.എഫ് നിരയില്‍ നിന്നും 50 വയസ്സ് കഴിഞ്ഞവര്‍ മല്‍സരത്തിറങ്ങുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. രണ്ടും മൂന്നും തവണ മത്സരിച്ച് ജയിക്കുകയും യൗവനകാലത്ത് അതിന്റെ ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടും യുവാക്കള്‍ക്ക് വേണ്ടി മാറിക്കൊടുക്കാതെ അവരുടെ അവസരങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി. ഇതിനെ തുടര്‍ന്നാണ് സ്ഥിരമായി യു.ഡി.എഫ് മല്‍സരിച്ച് പരാജയപ്പെടുന്ന പാല്‍ക്കുളങ്ങര വാര്‍ഡ് പിടിച്ചെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് എച്ച്.നായർ എന്ന ശംഭുവിനെ പാര്‍ട്ടി ചുമതലയേല്‍പ്പിക്കുന്നത്.

യൂത്ത് കോൺഗ്രസ്‌ പ്രസ്ഥാനത്തിനായി തിരുവനന്തപുരം നഗരസഭയിൽ ആദ്യമായി പ്രഖ്യാപിച്ച സീറ്റ്‌.. സ്ഥിരമായി പരാജയപ്പെടുന്ന...

Posted by NS Nusoor on Tuesday, November 10, 2020