LiveTV

Live

Kerala

കാനത്തിന് ഇന്ന് 70ാം പിറന്നാള്‍

സര്‍ക്കാര്‍ ഇടത് നയങ്ങളില്‍ നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം തിരുത്തല്‍ ശക്തിയായി മുന്നില്‍ നിന്നതോടെ കാനത്തിന് ജനകീയ മുഖവും നേടിയെടുക്കാന്‍ കഴിഞ്ഞു. ഭരണപക്ഷത്തെ പ്രതിപക്ഷ ശബ്ദമായി കാനം മാറി

കാനത്തിന് ഇന്ന് 70ാം പിറന്നാള്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് എഴുപതാം പിറന്നാള്‍. സര്‍ക്കാര്‍ ഇടത് നയങ്ങളില്‍ നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം തിരുത്തല്‍ ശക്തിയായി മുന്നില്‍ നിന്നതോടെ കാനത്തിന് ജനകീയ മുഖവും നേടിയെടുക്കാന്‍ കഴിഞ്ഞു. പൊതുവെ ആഘോഷങ്ങളോട് വലിയ താത്പര്യമില്ലെങ്കിലും സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി എം.എന്‍ സ്മാരകത്തില്‍ കാനം കേക്ക് മുറിച്ചു. കോട്ടയം ബസേലിയോസ് കൊളേജില്‍ എ.ഐ.എസ്.എഫിലൂടെയാണ് കാനം പൊതുരംഗത്ത് എത്തിയത്.

1970ല്‍ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയും 24 ാം വയസ്സില്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയേറ്റിലുമെത്തി. എം.എന്‍.ഗോവിന്ദന്‍ നായര്‍, എന്‍.ഇ.ബലറാം, എസ്. കുമാരന്‍ ടി.വി. തോമസുമടക്കമുള്ള തലയെടുപ്പുള്ള നേതാക്കള്‍ക്കൊപ്പമാണ് കാനം സെക്രട്ടറിയേറ്റിലെത്തിയത്. എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്‍റ്, നിലവില്‍ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്‍റുമായും കാനം പ്രവര്‍ത്തിച്ചു.

രണ്ടുതവണ വാഴൂരിന്‍റെ പ്രതിനിധിയായി നിയമസഭയിലെത്തി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഭരണപക്ഷത്തെ പ്രതിപക്ഷ ശബ്ദമായി കാനം മാറി. കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന കാനം പിന്നീട് സി.പി.എമ്മിന് മുന്നില്‍ മുട്ടിമടക്കിയെന്ന് വിമര്‍ശിക്കുന്നവരും പാര്‍ട്ടിക്കുള്ളിലുണ്ട്. എന്തായാലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ കാനത്തിന് കുറവ് വന്നിട്ടില്ലെന്ന് വിമര്‍ശകര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. പിറന്നാള്‍ ദിവസം രാവിലെ പാര്‍ട്ടി അസ്ഥാനത്തെത്തിയ കാനത്തിന് ബൊക്കെ നല്‍കിയാണ് നേതാക്കള്‍ സ്വീകരിച്ചത്.