LiveTV

Live

Kerala

ബിനീഷ് ഡയറക്ടറായ കമ്പനികള്‍ കടലാസ് കമ്പനികളെന്ന് ഇ.ഡി

ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളെ കുറിച്ചും എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നു. കമ്പനിയുമായി ബന്ധമുള്ളവരെയും ചോദ്യം ചെയ്യും.

ബിനീഷ് ഡയറക്ടറായ കമ്പനികള്‍ കടലാസ് കമ്പനികളെന്ന് ഇ.ഡി

ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ, കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്പനികളെ കുറിച്ച് ഇഡി അന്വേഷിയ്ക്കുന്നു. ബിനീഷ് ഡയറക്ടറായി ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ കടലാസ് കമ്പനികളാണെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. കമ്പനിയുമായി ബന്ധമുള്ളവരെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.

ബംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്ത ബി കാപ്പിറ്റൽ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളെ കുറിച്ചാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിയ്ക്കുന്നത്. മൂന്ന് കമ്പനികളുടെയും ഡയറക്ടർ ബിനീഷ് കോടിയേരിയാണ്. പ്രാഥമിക അന്വേഷണത്തിൽ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ പരിശോധനകൾ അടുത്ത ദിവസങ്ങളിലുണ്ടാകും. ഈ കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിയ്ക്കുക. കമ്പനിയിൽ ഉൾപ്പെട്ട മറ്റുള്ളവരെയും ചോദ്യംചെയ്യും.

ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നു കണ്ടെത്തിയ ഡെബിറ്റ് കാർഡ് , അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖയായാണ് ഇ.ഡി കോടതിയിൽ സമർപ്പിച്ചത്. അനൂപിന്‍റെ പേരിലുള്ള ഈ കാർഡ് ഉപയോഗിച്ചിരുന്നത് ബിനീഷാണ്. അനൂപിന്‍റെ അക്കൗണ്ടിൽ വന്ന പണം മുഴുവനും ബിനീഷിന്‍റെ ബിനാമി ഇടപാടുകളിലേതാണെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ബിനീഷിന്‍റെ ചോദ്യം ചെയ്യൽ പുരോഗമിയ്ക്കുന്നത്.