LiveTV

Live

Kerala

''പരിശോധന അപ്രതീക്ഷിതമായിരുന്നു,കള്ളപണം മാറ്റാൻ സമയം ലഭിച്ചില്ല''; ബിലീവേഴ്സ് സഭാമേധാവിയുടെ ശബ്ദസന്ദേശം പുറത്ത്

സഭയുടെ ധനകാര്യമേധാവി ഫാദര്‍ ഡാനിയേൽ വർഗീസിനോട് പണം കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമ സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് മീഡിയ വണിന് ലഭിച്ചത്

''പരിശോധന അപ്രതീക്ഷിതമായിരുന്നു,കള്ളപണം മാറ്റാൻ സമയം ലഭിച്ചില്ല''; ബിലീവേഴ്സ് സഭാമേധാവിയുടെ ശബ്ദസന്ദേശം പുറത്ത്

ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് മുന്നിൽ കണ്ട് ബിലിവേഴ്സ് സഭയുടെ സ്ഥാപനങ്ങളിൽ നിന്നും കള്ളപ്പണം പുറത്തേക്ക് കടത്താൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പുറത്ത്. സഭയുടെ ധനകാര്യമേധാവി ഫാദര്‍ ഡാനിയേൽ വർഗീസിനോട് പണം കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമ സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് മീഡിയ വണിന് ലഭിച്ചത്.

അതേസമയം ബിലീവേഴ്സ് സഭയുടെ സ്ഥാപനങ്ങളിൽ രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡ് തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. തിരുവല്ലയിലെ മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നിന്ന് പിടിച്ചെടുത്ത ഏഴ് കോടി രൂപ കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമ സഭയുടെ ധനകാര്യ വിഭാഗം മേധാവിയോട് സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന അപ്രതീക്ഷിതമായിരുന്നെന്നും കള്ളപണം മാറ്റാൻ സമയം ലഭിച്ചില്ലെന്നുമാണ് ഫാദര്‍‌ ഡാനിയേൽ വർഗീസ് പറയുന്നത്. നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയത് കൂടാതെ വൻ കള്ളപ്പണ ശേഖരവും കണ്ടെത്തിയതോടെ ബിലിവേഴ്സിനെതിരെ കൂടുതൽ കേന്ദ്ര ഏജൻസികളും വരുംദിവസങ്ങളിൽ അന്വേഷണം ആരംഭിക്കും. മൂന്നാം ദിവസമായ ഇന്നലെ നടന്ന പരിശോധനയിൽ സഭയുടെ വിദേശ ധനസഹായവുമായി ബന്ധപ്പെട്ട ഫയലുകളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.

60 ലേറെ കേന്ദ്രങ്ങളിലായി തുടരുന്ന റെയ്ഡിൽ കൂടുതൽ പണവും നികുതിവെട്ടിപ്പ് രേഖകളും കണ്ടെത്തുന്നതിന് ആദായനികുതി വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. വന്‍സാമ്പത്തിക ക്രമക്കേടുകള്‍ നടന്നത് കൂടാതെ നിരോധിത നോട്ട് ശേഖരവും കണ്ടെത്തിയതോടെ സഭാനേതാക്കളെ അടക്കം ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥർ. 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ സമർപ്പിക്കുക എന്നത് ബിലീവേഴ്സ് ഗ്രൂപ്പിനെ സംബന്ധിച്ച് ശ്രമകരമാണ്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിലൂടെ തട്ടിപ്പില്‍ പങ്കാളികളായവരെ വേഗത്തില്‍ കുരുക്കിലാക്കാമെന്ന പ്രതീക്ഷയിലാണ് ആദായ നികുതി വകുപ്പ്.