LiveTV

Live

Kerala

എം.സി കമറുദ്ദീനെതിരെ ലീഗ് നടപടിയെടുത്തേക്കും

കമറുദ്ദീന്‍റെ രാജി ആവശ്യപ്പെടണമെന്നാണ് നേതാക്കളുടെ അഭിപ്രായം

എം.സി കമറുദ്ദീനെതിരെ ലീഗ് നടപടിയെടുത്തേക്കും

ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീനെതിരെ മുസ്‍ലിം ലീഗ് നടപടിയെടുത്തേക്കും. കമറുദ്ദീന്‍റെ രാജി ആവശ്യപ്പെടണമെന്നാണ് നേതാക്കളുടെ അഭിപ്രായം. തീരുമാനമെടുക്കാൻ ലീഗ് നാളെ അടിയന്തര നേതൃയോഗം ചേരും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നായിരുന്നു.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപവുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന്‍റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായി എന്നാണ് മുസ്‍ലിം ലീഗ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പൊതു ജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന പദ്ധതിയുടെ ഭാഗമായപ്പോള്‍ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കാണിക്കേണ്ട ജാഗ്രത ഖമറുദ്ദീന്‍ കാണിച്ചില്ല. പ്രശ്നപരിഹാരത്തിന് ആദ്യ ഘട്ടത്തില്‍ പാര്‍ട്ടി ഇടപെട്ടെങ്കിലും നിയമനടപടിക‍ള്‍ ഖമറുദ്ദീന്‍ വ്യക്തിപരമായി കൈകര്യം ചെയ്യട്ടെ എന്ന നിലപാടില്‍ ലീഗ് എത്തുകയും ചെയ്തിരുന്നു.

അറസ്റ്റ്കൂടി ഉണ്ടായ സാഹചര്യത്തില്‍ നടപടി എടുക്കണമെന്ന നിലപാടിനാണ് ലീഗില്‍ മുന്‍തൂക്കം. നാളെ കോഴിക്കോട് 11 ന് ലീഗ് അടിയന്തര നേതൃയോഗം ചേരും. നടപടിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഖമറദ്ദീന്‍റെ രാജി ആവശ്യപ്പെടാനാണ് സാധ്യത. സ്വര്‍ണക്കടത്ത്, ബിനിഷ് കൊടിയേരിക്കെതിരായ കേസ് എന്നിവ ഉയര്‍ത്തി സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും ആക്രമിച്ച് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്‍‌.ഡി.എഫിന് തിരിച്ചടിക്കാന്‍ ആയുധം നല്‍കേണ്ടെന്നാണ് നേതാക്കളുടെ പൊതുനിലപാട്. എന്നാല്‍ എം.സി ഖമറുദ്ദീന്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജി തീര്‍പ്പാക്കുന്നതിന് മുമ്പുതന്നെ അറസ്റ്റിലേക്ക് നീങ്ങിയത് രാഷ്ട്രീയനീക്കണമാണെന്ന വാദം ലീഗ് ഉന്നയിക്കുന്നുണ്ട്.