LiveTV

Live

Kerala

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി

ബംഗളൂരു സെഷൻസ് കോടതിയാണ് കസ്റ്റഡി നീട്ടി നൽകിയത്. നവംബർ 11 വരെ എൻഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യും

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി

ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. ബംഗളൂരു സെഷൻസ് കോടതിയാണ് കസ്റ്റഡി നീട്ടി നൽകിയത്. നവംബർ 11 വരെ എൻഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യും. ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനൂപ് മുഹമ്മദിന്‍റെ പേരിലുള്ള ഡെബിറ്റ് കാർഡ് കണ്ടത്തിയെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. കൂടാതെ ബിനീഷിന് പങ്കാളിത്തമുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബിനീഷിൽ നിന്ന് അറിയണമെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. കേരളത്തിലെ പരിശോധകളിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ ചോദ്യം ചെയ്യൽ തുടരുക. ബിനീഷിന്‍റെ ബിനാമിയെന്ന് പറയുന്ന അബ്ദുൾ ലത്തീഫിന് ഇ.ഡി നോട്ടിസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

അന്വേഷണം തുടരുന്നതിനാൽ ബിനീഷിന് ജാമ്യം നൽകുന്നതിനെതിരെ ഇ.ഡി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനാൽ ഇന്ന് ബന്ധുക്കൾ ജാമ്യാപേക്ഷ നൽകിയില്ല. ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് കാണിച്ച് നർക്കോട്ടിക് കൺട്രോൾ ബ്യുറോ സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് അപേക്ഷ പിൻവലിച്ചു. ഇ.ഡി കസ്റ്റഡി അപേക്ഷ നൽകിയ സാഹചര്യത്തിലായിരുന്നു എൻ.സി.ബിയുടെ ഈ നടപടി. എൻഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യൽ അവസാനിച്ച ശേഷം എൻ.സി.ബിയും ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങും.