LiveTV

Live

Kerala

ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തൽ: പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, വി. എസ് ശിവകുമാർ, കെ. ബാബു എന്നിവർക്ക് 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ.

ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തൽ: പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്

ബാർ കോഴ കേസില്‍ ബാറുടമ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലുകളിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലന്‍സ് അനുമതി തേടി. അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ രഹസ്യ പരിശോധന പൂർത്തിയാക്കി അന്വേഷണസംഘം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി. രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ. ബാബു എന്നിവര്‍ക്ക് പണം നല്‍കിയെന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം

ബാർ കോഴക്കേസിൽ ബാർ ഉടമ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളിൽ അന്വേഷണം വേണമെന്ന പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഒരുങ്ങുന്നത്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ ബാബു എന്നിവർക്ക് 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജുരമേശിന്‍റെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഹാഫിസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ രഹസ്യ പരിശോധന നടത്തിയ വിജിലൻസ് സംഘം പ്രാഥമിക അന്വേഷണം വേണമെന്ന ശുപാർശയാണ് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരിക്കുന്നത്. ആരോപണം നേരിടുന്നവരുടെ മൊഴി അടക്കം രേഖപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് ഇത്.

പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി വേണ്ടതിനാലാണ് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഉടൻ അനുമതി നൽകുമെന്നാണ് സൂചന. അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി കഴിഞ്ഞദിവസം സർക്കാരിനോട് ഉത്തരവിട്ടിരുന്നു.