LiveTV

Live

Kerala

ലൈഫ് മിഷന്‍: സ്വപ്നയെ വിജിലന്‍സ് ചോദ്യംചെയ്തത് 7 മണിക്കൂര്‍, സന്ദീപിനെ ഇന്ന് ചോദ്യംചെയ്യും

സ്വര്‍ണക്കടത്ത് പ്രതികളെ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് സംഘവും ചോദ്യംചെയ്തേക്കും.

ലൈഫ് മിഷന്‍: സ്വപ്നയെ വിജിലന്‍സ് ചോദ്യംചെയ്തത് 7 മണിക്കൂര്‍, സന്ദീപിനെ ഇന്ന് ചോദ്യംചെയ്യും

ലൈഫ് മിഷന്‍ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജിതമാക്കി വിജിലന്‍സ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപിനെ അന്വേഷണസംഘം ഇന്ന് ജയിലിലെത്തി ചോദ്യംചെയ്തേക്കും. സ്വര്‍ണക്കടത്ത് പ്രതികളെ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് സംഘവും ചോദ്യംചെയ്തേക്കും.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് കേസില്‍ അന്വേഷണം വിജിലന്‍സ് ഊര്‍ജ്ജിതമാക്കിയത്. അട്ടക്കുളങ്ങര ജയിലില്‍ സ്വപ്ന സുരേഷിനെ ഏഴ് മണിക്കൂര്‍ വിജിലന്‍സ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ലൈഫ് കരാറിലെ കമ്മീഷന്‍ ഇടപാടിലും ഐ ഫോണ്‍ നല്‍കിയതിലുടമടക്കം വിജിലന്‍സ് സ്വപ്നയില്‍ നിന്ന് വ്യക്തത തേടി. സന്ദീപിനെ ഇന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യംചെയ്യാനാണ് വിജിലന്‍സ് നീക്കം. ചോദ്യം ചെയ്യാന്‍ എന്‍ഐഎ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

വടക്കാഞ്ചേരി ലൈഫ് പദ്ധതിയെ കുറിച്ച് സന്ദീപിനെ വിവരമറിയിച്ചത് താനാണെന്ന് സരിത് വിജിലന്‍സിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ലൈഫിലെ കോഴ എന്ന് കരുതുന്ന സന്തോഷ് ഈപ്പന്‍ വാങ്ങിയ ഏഴ് ഐ ഫോണുകളെ കേന്ദ്രീകരിച്ചും വിജിലന്‍സ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിലൊരു ഐഫോണ്‍ കാട്ടാക്കട സ്വദേശി പ്രവീണില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ഇ.ഡിയും ഉടന്‍ ചോദ്യം ചെയ്യും. വീണ്ടും ചോദ്യം ചെയ്യാന്‍ കോടതി ഇന്നലെ ഇ.ഡിക്ക് അനുമതി നല്‍കിയിരുന്നു.