''കിരണ്‍ ആരോഗ്യ സര്‍വേയുടെ പേരില്‍ മരുന്ന് പരീക്ഷണം നടത്തിയിട്ടില്ല'' - വി.രാമന്‍കുട്ടി
സന്നദ്ധ സംഘടനയായ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന് മരുന്ന്പരീക്ഷണത്തിലും കിരണ്‍ സര്‍വേയിലും പങ്കാളിത്തമില്ല. ഡാറ്റ കനേഡിയൻ കമ്പനിക്ക് കൈമാറിയെന്ന ആരോപണവും തെറ്റാണെന്നും വി. രാമന്‍കുട്ടി
കിരണ്‍ ആരോഗ്യ സര്‍വേയുടെ ഭാഗമായി മരുന്ന് പരീക്ഷണം നടത്തിയിട്ടില്ലെന്ന് അച്യുതമേനോന് സെന്ററിലെ മുന്‍ ഡയറക്ടറും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന്റെ ചെയര്‍മാനുമായ ഡോ വി.രാമന്‍കുട്ടി. സന്നദ്ധ സംഘടനയായ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിളിന് മരുന്ന് പരീക്ഷണത്തിലും കിരണ്‍ സര്‍വേയിലും പങ്കാളിത്തമില്ല.
ഡാറ്റ കനേഡിയൻ കമ്പനിക്ക് കൈമാറിയെന്ന ആരോപണവും തെറ്റാണെന്നും വി. രാമന്‍കുട്ടി മീഡിയവണിനോട് പറഞ്ഞു. കിരണ്‍ ആരോഗ്യ സര്‍വേയില്‍ മരുന്ന് പരീക്ഷണമെന്ന ആശയം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല. പൊളിഫില് മരുന്നുകളുടെ പരീക്ഷണത്തിനും കിരണ്‍ സര്‍വേയുമായി യാതൊരു ബന്ധവുമില്ലെന്നും ആരോഗ്യ സര്‍വേയുടെ ആശയം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഡോ. രാമന്‍കുട്ടി വിശദീകരിച്ചു.
സര്‍വേയുടെ മറവില്‍ പോളിഫില്‍ മരുന്നുകളുടെ പരീക്ഷണത്തിന് നീക്കം നടന്നുവെന്ന ആക്ഷേപത്തേയും രാമന്‍കുട്ടി തള്ളി. സര്‍വേവിവരങ്ങള്‍ പി.എച്ച്.ആര്.ഐക്ക് കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍ കേന്ദ്രാനുമതിയില്ലാത്തതിനാല് ഇത് നടക്കാതെ പോയി. പി.എച്ച്.ആര്.ഐയുമായും ഡോ സലീം യൂസഫുമായും ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ പ്യുവര്‍ എന്ന പേരിലുള്ള മറ്റൊരു പഠനത്തില്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ കിരണ്‍ ആരോഗ്യ സര്‍വേയില്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ഭാഗമല്ല. താനും വിജയകുമാറും സര്‍വേയുടെ ഭാഗമായത് സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും രാമന്‍കുട്ടി വ്യക്തമാക്കി.