LiveTV

Live

Kerala

'ജയിലഴിക്കുള്ളിലായിട്ട് ഒരു മാസം, നിരാശയും, സങ്കടവും തളർത്തുന്നു'; സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാന

ഒരു നിരപരാധിക്കു വേണ്ടി മനസ്സാക്ഷിയുള്ളവർ ഉണർന്നു പ്രവർത്തിക്കണമെന്നും നീതിക്ക് വേണ്ടി എല്ലാവരുടെയും പിന്തുണയും റൈഹാന ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

'ജയിലഴിക്കുള്ളിലായിട്ട് ഒരു മാസം, നിരാശയും, സങ്കടവും തളർത്തുന്നു'; സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാന

ഹാഥ്റാസില്‍ ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ മാധ്യമപ്രവർത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജയിലഴിക്കുള്ളിലായിട്ട് ഒരു മാസമാവുന്ന വേളയില്‍ നീതി ആവശ്യപ്പെട്ട് ഭാര്യ റൈഹാന സിദ്ദീഖ്. നിരാശയും, സങ്കടവും തന്നെ തളർത്തുന്നതായും ഇനി തന്റെ മിഴികളും മനസ്സും സുപ്രീം കോടതിയിലേക്ക് ഉറ്റു നോക്കിയിയിരിക്കുകയാണെന്ന് റൈഹാന കുറിച്ചു. ചുറ്റും ഇരുട്ട് മാത്രമാണെന്നും ഒരു നിരപരാധിക്കു വേണ്ടി മനസ്സാക്ഷിയുള്ളവർ ഉണർന്നു പ്രവർത്തിക്കണമെന്നും നീതിക്ക് വേണ്ടി എല്ലാവരുടെയും പിന്തുണയും റൈഹാന ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ലു.ജെ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. സിദ്ദീഖ് കാപ്പനെ കാണാൻ ഇതുവരെ അഭിഭാഷകന് അനുമതി നൽകാത്തതിനാൽ യു.പിയിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് കെ.യു.ഡബ്യു.ജെ ചൂണ്ടിക്കാട്ടി. സിദ്ദിഖുമായി വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കാൻ കുടുംബത്തെയോ അഭിഭാഷകനെയോ അനുവദിച്ചിട്ടില്ലെന്നും ജയിലിൽ സിദ്ധിഖിന്റെ ജീവൻ അപകടത്തിലാണെന്ന് ആശങ്കയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

റൈഹാന സിദ്ദീഖിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

എന്റെ ഇക്കാ ജയിലഴികൾക്കുള്ളിലായിട്ട് ഒരു മാസം ആവാറായി... നിരാശയും, സങ്കടവും എന്നെ തളർത്തുന്നു. സുപ്രീം കോടതിയിൽ ഉറ്റു നോക്കിയിയിരിക്കാണ് എന്റെ മിഴികളും മനസ്സും... വല്ലാത്ത ഒരു അവസ്ഥയിലൂടെയാ ഞാനിപ്പോ കടന്നു പോവുന്നെ... എന്റെ ഇക്കയുടെ അവസ്ഥ എന്താണ്... ഏതൊരാവസ്ഥയിലൂടെ ആണ് അദ്ദേഹം കടന്നു പോവുന്നത്... ഒന്നും അറിയില്ല... ചുറ്റും ഇരുട്ട് മാത്രം. മനസ്സാക്ഷിയുള്ളവർ ഉണർന്നു പ്രവർത്തിക്കണേ... ഒരു നിരപരാധിക്കു വേണ്ടി... പടച്ചവനെ... അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും വരുത്തല്ലേ...

ഓരോ പുലരിയിലും പ്രതീക്ഷയോടെ കാത്തിരിക്കും നല്ലതെന്തെങ്കിലും കേൾക്കുമെന്ന... അസ്തമയം അടുക്കുമ്പോ ഞാനും അസ്തമിക്കും അദ്ദേഹം വരും വൈകാതെ... insha allah... നീതിക്ക് വേണ്ടി ഞങ്ങളുടെ കൂടെ ഉണ്ടാവണേ...