LiveTV

Live

Kerala

കേന്ദ്ര ഏജന്‍സികളെ തുരത്താന്‍ സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ തേടണമെന്ന് ദേശാഭിമാനി

നിയമപരമായും ജനങ്ങളെ അണിനിരത്തിയും ഈ നെറികേടിനെ ചെറുക്കണമെന്നാണ് ദേശാഭിമാനി എഡിറ്റോറിയലിലൂടെ ആവശ്യപ്പെടുന്നത്

കേന്ദ്ര ഏജന്‍സികളെ തുരത്താന്‍ സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ തേടണമെന്ന് ദേശാഭിമാനി

കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിനെതിരെ സാധ്യമായ എല്ലാവഴികളും സര്‍ക്കാര്‍ തേടണമെന്ന് സി.പി.എം മുഖപത്രം. നിയമപരമായും ജനങ്ങളെ അണിനിരത്തിയും ഈ നെറികേടിനെ ചെറുക്കണമെന്നാണ് ദേശാഭിമാനി എഡിറ്റോറിയലിലൂടെ ആവശ്യപ്പെടുന്നത്.

കേന്ദ്ര ഏജന്‍സികളുടെ വരവിന്‍റെ രാഷ്ട്രീയ ഗൂഡോദ്ദേശം വ്യക്തമായെന്ന് പി.ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി കടുത്ത വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് സി.പി.എം മുഖപത്രമായ ദേശാഭിമാനിയും രംഗത്ത് വന്നത്.

കേന്ദ്ര ഏജന്‍സികള്‍ ഭരണഘടന വ്യവസ്ഥകളുടേയും സാമാന്യനീതിയുടേയും എല്ലാ സീമകളും ലംഘിച്ചുവെന്നാണ് ദേശാഭിമാനിയുടെ കുറ്റപ്പെടുത്തല്‍. സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തില്‍ അന്വേഷണം വഴി തെറ്റി.സ്വര്‍ണ്ണക്കടത്ത് കേസിലെ യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം പോയില്ല.എന്‍ഐഎയ്ക്ക് പുറമെ ഇഡിയും സിബിഐയുംമെല്ലാം സ്വര്‍ണ്ണക്കടത്ത് വിട്ട് മറ്റ് പല മേഖലകളിലും കടന്ന് കയറി.ലൈഫില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടയില്‍ സിബിഐ കേസ് ഏറ്റെടുത്തത് അസാധാരാണസംഭവമാണ്.

സര്‍ക്കാര്‍ ആവശ്യപ്പെട്ട കേസ് ഏറ്റെടുക്കാത്ത സിബിഐ നടപടിയും ദുരൂഹമാണെന്നാണ് ദേശാഭിമാനിയിലൂടെ സിപിഎം ഉന്നയിക്കുന്ന ആരോപണം.കെ ഫോണ്‍ പദ്ധതി വന്നാല്‍ പ്രധാനമന്ത്രിയുടെ ഉറ്റതോഴനായ മുകേഷ് അംബാനിക്ക് കനത്ത ആഘാതമേല്‍ക്കുമെന്നും അത് കൊണ്ടാണ് കെ ഫോണിനെതിരെ അതിര് വിട്ട നീക്കങ്ങള്‍ നടക്കുന്നതെന്നും ദേശാഭാമാനി ആരോപിക്കുന്നുണ്ട്.മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പി ജയരാജന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.ഏജന്‍സികളുടെ നിക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.