LiveTV

Live

Kerala

സര്‍ക്കാര്‍ പദ്ധതികളിലേക്ക് അന്വേഷണം നീങ്ങിയതോടെ കേന്ദ്രഏജന്‍സികളെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി

കേന്ദ്ര ഏജന്‍സികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന നിലപാട് മുഖ്യമന്ത്രി മാറ്റിയതോടെ പ്രതിരോധത്തിന്‍റെ മൂര്‍ച്ച കൂടുമെന്നാണ് മുന്നണിയും കണക്ക് കൂട്ടുന്നത്

സര്‍ക്കാര്‍ പദ്ധതികളിലേക്ക് അന്വേഷണം നീങ്ങിയതോടെ കേന്ദ്രഏജന്‍സികളെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ രാഷ്ട്രീയമുണ്ടെന്ന മുന്നണിയുടെയും പാര്‍ട്ടിയുടെയും നിലപാടിലേക്ക് മുഖ്യമന്ത്രി എത്തിയത് സര്‍ക്കാര്‍ പദ്ധതികളിലേക്ക് അന്വേഷണം നീങ്ങിയതോടെ. കേന്ദ്ര ഏജന്‍സികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന നിലപാട് മുഖ്യമന്ത്രി മാറ്റിയതോടെ പ്രതിരോധത്തിന്‍റെ മൂര്‍ച്ച കൂടുമെന്നാണ് മുന്നണിയും കണക്ക് കൂട്ടുന്നത്. ഏജന്‍സികള്‍ ഇനിയും രാഷ്ട്രീയ നീക്കം നടത്തിയാല്‍ നിയമപരമായി നേരിടുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരം എന്‍ഐഎ കേസ് ഏറ്റെടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു- താന്‍ കത്തയച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഏജന്‍സി വന്നത്. അന്വേണം ശരിയായ ദിശയില്‍ പോകുമ്പോള്‍ പലരുടേയും നെഞ്ചിടിപ്പ് കൂടുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. പാര്‍ട്ടിയും മുന്നണിയും അന്വേഷണങ്ങളെ തള്ളിപ്പറ‍ഞ്ഞിട്ടും നിലപാട് മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ഒടുവില്‍ ലൈഫ്, കെ ഫോണ്‍ അടക്കമുള്ള പദ്ധതികളിലേക്ക് അന്വേഷണ ഏജന്‍സികള്‍ കടന്നതോടെ മുഖ്യമന്ത്രി നിലപാട് മാറ്റി- തീര്‍ച്ചയായും ഇത്തരത്തിലല്ല അന്വേഷണം സമൂഹം പ്രതീക്ഷിക്കുന്നത്. ഇങ്ങനെയൊരു അന്വേഷണരീതി പ്രതീക്ഷിച്ചല്ല സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍വഹണ അധികാരത്തിലേക്കും ഭരണഘടനാ സ്ഥാപനങ്ങളുടെ പരിശോധനാ അധികാരത്തിലേക്കും കടന്നുകയറുകയാണ് ഈ ഏജന്‍സികളില്‍ ചിലതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയും പാര്‍ട്ടിയും മുന്നണിയും ഒരേ നിലപാടില്‍ എത്തിയതോടെ കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിനെതിരെ സര്‍ക്കാര്‍ പോര്‍മുഖം തുറന്നുവെന്ന് വ്യക്തമാകുന്നുണ്ട്. അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ നീക്കങ്ങളെ അതേ തരത്തില്‍ തന്നെ നേരിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന.