LiveTV

Live

Kerala

സുരേന്ദ്രന്‍ വാക്ക് പാലിക്കാതെ വഞ്ചിച്ചെന്ന് വേലായുധന്‍; ബിജെപിയില്‍ കലഹം രൂക്ഷം

പാര്‍ട്ടി അവഗണിച്ചതിനെതിരെ തുറന്ന പോരുമായി ശോഭ സുരേന്ദ്രന്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവിന്‍റെ പ്രതികരണം

സുരേന്ദ്രന്‍ വാക്ക് പാലിക്കാതെ വഞ്ചിച്ചെന്ന് വേലായുധന്‍; ബിജെപിയില്‍ കലഹം രൂക്ഷം

ബിജെപിയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാക്കി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനതെിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന നേതാവായ പി.എം വേലായുധനാണ് ശോഭാ സുരേന്ദ്രന് പിന്നാലെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നത്. പുതിയ വെള്ളം വരുമ്പോള്‍ പഴയ വെള്ളം ഒഴുക്കി കളയുന്ന രീതിയാണ് പാര്‍ട്ടിയിലുള്ളതെന്നും വേലായുധന്‍ പറയുന്നു.

പാര്‍ട്ടി അവഗണിച്ചതിനെതിരെ തുറന്ന പോരുമായി ശോഭ രംഗത്ത് എത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവായ പി എം വേലായുധനും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്. സുരേന്ദ്രൻ സംസ്ഥാന സെക്രട്ടറി ആയതിനെ പിന്തുണച്ച ആളാണ് താൻ. തന്നെയും ശ്രീശനെയും തൽസ്ഥാനത്ത് നിലനിർത്താം എന്ന് വാക്ക് തന്നിരുന്നു. എന്നാല്‍ സുരേന്ദ്രൻ വഞ്ചിച്ചുവെന്നാണ് വേലായുധന്‍ പറയുന്നത്. തന്റെ പരാതി അറിയിക്കാൻ ഫോൺ വിളിച്ചപ്പോൾ എടുത്തില്ല. എട്ട് മാസമായി തന്നെ അവഗണിക്കുന്നു. ശോഭ സുരേന്ദ്രന്‍റെ പരാതി ശരിയാണെന്നും വേലായുധന്‍ പറഞ്ഞു.

2004 മുതൽ 2019 വരെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു പി എ വേലായുധൻ. ശോഭയ്ക്ക് പിന്നാലെ വേലായുധനും രംഗത്ത് വന്നതോടെ സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂടിയിരിക്കുകയാണ്. കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് വരുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രശ്നം പരിഹരിക്കാനുള്ള ഊര്‍ജ്ജിത ശ്രമം കേന്ദ്ര നേതൃത്വം നടത്തുന്നുണ്ട്.