LiveTV

Live

Kerala

ശിവശങ്കരനെതിരെ വിപുലമായ അന്വേഷണം; സര്‍ക്കാരിനോട് വിശദാംശങ്ങള്‍ തേ‌ടി

വിവിധ വകുപ്പുകളില്‍ ശിവശങ്കരന്‍ ഉണ്ടായിരുന്നപ്പോള്‍ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഇത് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കിയിട്ടുണ്ട്

ശിവശങ്കരനെതിരെ വിപുലമായ അന്വേഷണം; സര്‍ക്കാരിനോട് വിശദാംശങ്ങള്‍ തേ‌ടി

ശിവശങ്കരനെതിരായ അന്വേഷണം വിപുലീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിവിധ വകുപ്പുകളില്‍ ശിവശങ്കരന്‍ ഉണ്ടായിരുന്നപ്പോള്‍ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഇത് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കിയിട്ടുണ്ട്. ശിവശങ്കരന്റെ ബിനാമി ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം ഇ.ഡി ആരംഭിച്ചു.

സ്മര്‍ട്ട് സിറ്റി, കെ ഫോണ്‍, ഡൗണ്‍ടൗണ്‍, ഇ-മൊബിലിറ്റി പദ്ധതികളടക്കമുള്ളവയുടെ വിശദാംശങ്ങളാണ് ഇ.ഡി പരിശോധിക്കുന്നത്. കൂടാതെ വൈദ്യുതി വകുപ്പിലും സ്പോര്‍ട്ട്സ് വകുപ്പിലും ഐ.ടി വകുപ്പിലും ശിവശങ്കരന്‍ ഉണ്ടായിരുന്നപ്പോള്‍ നടത്തിയ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. പദ്ധതികളുടെ കരാര്‍ അടക്കമുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് ചീഫ് സെക്രട്ടറിക്ക് ഇ.ഡി കത്തും നല്‍കി. നേരത്തെ സ്മാര്‍ട്ട്സിറ്റി‌ പദ്ധതിയില്‍ സ്പന ഇടനിലക്കാരിയായിരുന്നുവെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നെല്ലാം കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കമ്മീഷന്‍ ഇടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പന്‍ ഇക്കാര്യത്തില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ശിവശങ്കരന്റെ പേരില്‍ ഇതുവരെ വരവില്‍ കവിഞ്ഞ സ്വത്തുകള്‍ കണ്ടെത്താന്‍ ഇ.ഡിക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിനാമി ഇടപാടുകളെ കുറിച്ചും അന്വേഷിക്കുന്നത്. സ്വപ്നയടക്കം ശിവശങ്കരനുമായി അടുപ്പത്തിലുണ്ടായിരുന്നവര്‍ ബിനാമികളാണോ എന്നാണ് പരിശോധിക്കുന്നത്. ഇന്ത്യയിലും വിദേശത്തും വന്‍കിട പദ്ധതികളില്‍ കമ്മീഷനായി ലഭിച്ച തുക നിക്ഷേപിച്ചിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.