LiveTV

Live

Kerala

ശിവശങ്കറിന്‍റേയും ബിനീഷ് കോടിയേരിയുടേയും അറസ്റ്റ്; സര്‍ക്കാരിനും പാര്‍ട്ടിക്കും ഏറ്റ ഇരട്ട തിരിച്ചടിയില്‍ സി.പി.എമ്മിനുള്ളില്‍ അമര്‍ശം

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനപ്പുറം ഒന്നും പറയാന്‍ നേതാക്കളും തയ്യാറല്ല

ശിവശങ്കറിന്‍റേയും ബിനീഷ് കോടിയേരിയുടേയും അറസ്റ്റ്; സര്‍ക്കാരിനും പാര്‍ട്ടിക്കും ഏറ്റ ഇരട്ട തിരിച്ചടിയില്‍ സി.പി.എമ്മിനുള്ളില്‍ അമര്‍ശം

ശിവശങ്കറിന്‍റേയും ബിനീഷ് കോടിയേരിയുടേയും അറസ്റ്റുകളില്‍ വിശദീകരണം നല്‍കാനാവാതെ സി.പി.എം. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനപ്പുറം ഒന്നും പറയാന്‍ നേതാക്കളും തയ്യാറല്ല. സര്‍ക്കാരിനും പാര്‍ട്ടിക്കും ഏറ്റ ഇരട്ട തിരിച്ചടിയില്‍ സിപിഎമ്മിനുള്ളില്‍ തന്നെ അമര്‍ഷമുണ്ട്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനേയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ഒരു ദിവസം കഴിഞ്ഞിട്ടും പാര്‍ട്ടി മൌനം തുടരുകയാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരം നല്‍കി മുഖ്യമന്ത്രി ഒഴിഞ്ഞ് മാറിയെങ്കിലും പാര്‍ട്ടിക്ക് ഇതിന്‍റെയെല്ലാം ബാധ്യതകളില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്.

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നീക്കങ്ങളിലും പ്രതികരണം നടത്തുന്ന സി.പി.എം ഇക്കാര്യങ്ങളില്‍ ഇതുവരെ മിണ്ടാത്തത് തന്നെ പാര്‍ട്ടി എത്തിപ്പെട്ട പ്രതിസന്ധിയെ സൂചിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന പതിവ് ആരോപണത്തില്‍ തന്നെയാണ് സി.പി.എം ഇപ്പോഴും നില്‍ക്കുന്നത്.

അതേസമയം എന്തെങ്കിലും തെളിവുകള്‍ ഇല്ലാതെ അന്വേഷണ ഏജന്‍സി ആളുകളെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യമാണ് പ്രതിപക്ഷം അടക്കം ഉന്നയിക്കുന്നത്. സര്‍ക്കാരിന്‍റെ പ്രതിഛായയെ മുഴുവന്‍ തകര്‍ക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ കാരണം ശിവശങ്കറാണെന്ന് പാര്‍ട്ടിക്കുള്ളിലെ ചില നേതാക്കള്‍ക്ക് വിമര്‍ശനമുണ്ട്.

പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ തുടര്‍ച്ചയായി ആരോപണം വരുന്നതിലും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യമായോ പാര്‍ട്ടി കമ്മിറ്റികളിലോ ഇതൊന്നും തുറന്ന് പറയാതെന്താണെന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.