LiveTV

Live

Kerala

തിരുവനന്തപുരത്ത് നഗരസഭാ സീറ്റിനെ ചൊല്ലി മുസ്‍ലിം ലീഗിൽ ഭിന്നത

ഈസ്റ്റ് ബീമാപള്ളി വാര്‍ഡില്‍ അവകാശവാദമുന്നയിച്ച് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് നിലവിലെ കൌണ്‍സിലര്‍ സജീന ടീച്ചർ

തിരുവനന്തപുരത്ത് നഗരസഭാ സീറ്റിനെ ചൊല്ലി മുസ്‍ലിം ലീഗിൽ ഭിന്നത

തിരുവനന്തപുരം നഗരസഭാ സീറ്റിനെ ചൊല്ലി മുസ്‍ലിം ലീഗിൽ ഭിന്നത. ഈസ്റ്റ് ബീമാപ്പള്ളി വാർഡിൽ മത്സരിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. ഇന്നലെ നടന്ന ലൈഫ് ഭവന സമുച്ചയ ഉദ്ഘാടന ചടങ്ങ് ചേരി പോരിന്‍റെ വേദിയായി മാറി. തനിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയെന്ന് ആരോപിച്ച് നിലവിലെ കൗൺസിലർ സജീന ടീച്ചർ പരിപാടിയിൽ വികാരഭരിതയായി.

കോർപ്പറേഷൻ വാർഡുകളായ ബീമാപ്പള്ളി വാർഡും ഈസ്റ്റ് ബീമാപ്പള്ളി വാർഡും ഭരിക്കുന്നത് ലീഗാണ്. ബീമാപ്പള്ളി വാർഡ് ഇത്തവണ സ്ത്രീ സംവരണമായതോടെ അവിടത്തെ കൗൺസിലറും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ബീമാപ്പള്ളി റഷീദ് തൊട്ടടുത്തെ വാർഡായ ഈസ്റ്റ് ബീമാപ്പള്ളിയിൽ കണ്ണുവച്ചു. ഇതോടെയാണ് തർക്കം തുടങ്ങിയത്. സീറ്റ് വിട്ടുകൊടുക്കില്ലെന്ന് നിലവിലെ കൗൺസിലർ സജീന ടീച്ചർ നിലപാടെടുത്തു.

ഈസ്റ്റ് ബീമാപ്പള്ളിയിൽ വച്ചു നടന്ന ലൈഫ് ഭവന പരിപാടിയിൽ ചേരിപ്പോര് പരസ്യമായി. ടീച്ചറുടെ പടം വെട്ടി ഫ്ലക്സിലെല്ലാം ബീമാപ്പള്ളി റഷീദ് നിറഞ്ഞു. നഗരസഭ ഇടപെട്ടാണ് ഒടുവിൽ നോട്ടീസിൽ സജീനയുടെ പേര് ചേർത്തത്. ചടങ്ങിൽ ടീച്ചർ പൊട്ടിക്കരയുകയും ചെയ്തു.

സജീന ടീച്ചർ പാർട്ടി അംഗമല്ലെന്നാണ് ബീമാപ്പള്ളി റഷീദിന്‍റെ വാദം. സീറ്റ് ലഭിച്ചില്ലെങ്കിൽ ബീമാപ്പള്ളി ഈസ്റ്റ് വാർഡിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സജീന ടീച്ചറുടെ തീരുമാനം.