LiveTV

Live

Kerala

യുണിടാക് എം.ഡി സ്വപ്നക്ക് നല്‍കിയ ആറ് ഐഫോണുകളില്‍ ഒന്ന് ഉപയോഗിക്കുന്നത് എം. ശിവശങ്കര്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ സ്വപ്നക്ക് കമ്മീഷന് പുറമേ, അഞ്ച് ഐ ഫോണുകളും നല്‍കിയതായി സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു.

യുണിടാക് എം.ഡി സ്വപ്നക്ക് നല്‍കിയ ആറ് ഐഫോണുകളില്‍ ഒന്ന് ഉപയോഗിക്കുന്നത് എം. ശിവശങ്കര്‍

യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ സ്വര്‍ണടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സമ്മാനമായി നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് ഉപയോഗിക്കുന്നത് എം. ശിവശങ്കര്‍. എന്‍ഫോഴ്സ്മെന്‍റാണ് ഇക്കാര്യം കണ്ടെത്തിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ സ്വപ്നക്ക് കമ്മീഷന് പുറമേ, അഞ്ച് ഐ ഫോണുകളും നല്‍കിയതായി സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയിരുന്നു . ഐ ഫോൺ കൈമാറ്റം പരിശോധിക്കാൻ വിജിലൻസും തീരുമാനിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കാന്‍ സ്വപ്നയുടെ ആവശ്യപ്രകാരം കമ്മീഷനും കൂടാതെ അഞ്ച് ഐഫോണും നല്‍കിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇക്കാര്യം ഉന്നയിച്ചിരുന്നത്. പണത്തിനു പുറമെ അഞ്ചു മൊബൈൽ ഫോണുകൾ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകി. ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് സമ്മാനിച്ചു എന്നും സന്തോഷ്‌ ഈപ്പൻ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഫോണ്‍ വാങ്ങിയതിന്‍റെ ബില്ലില്‍ ആറ് ഫോണിന്‍റെ വിവരങ്ങളുണ്ടായിരുന്നു. ശിവശങ്കര്‍ അറസ്റ്റിലായപ്പോഴാണ് അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണിന്‍റെ ഇ.എം.ഇ.ഐ നമ്പറും സന്തോഷ് ഈപ്പന്‍ നല്‍കിയ ബില്ലിലെ നമ്പറും ഒന്നു തന്നെയാണെന്ന് ഇ.ഡി കണ്ടെത്തിയത്. ഇതോടെ സന്തോഷ് ഈപ്പന്‍ കമ്മീഷനായി നല്‍കിയ ഒരു ഫോണ്‍ ശിവശങ്കറിനാണ് നല്‍കിയതെന്ന് വ്യക്തമായി.

കമ്മീഷനായി ഫോണ്‍ കൈപ്പറ്റിയെന്ന് തെളിഞ്ഞതിനാല്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന്‍റെ പരിധിയിലും ശിവശങ്കറിനെ ഉള്‍പ്പെടുത്തിയേക്കും. ഇതിനിടെ ശിവശങ്കറിന്‍റെ ഫോണ്‍ സംബന്ധിച്ച് വിജിലന്‍സും അന്വേഷിക്കും. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ ശിവശങ്കറിന് കിട്ടിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ തീരുമാനം.