LiveTV

Live

Kerala

ഉദയഗിരി പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്സും എല്‍.ഡി.എഫും അഞ്ച് വര്‍ഷം മുന്നേ ഭായി ഭായി

കേരള കോണ്‍ഗ്രസിലെ ജോസ് പക്ഷം ഇടതുമുന്നണിയില്‍ വരുന്നതിന് മുമ്പേ ഭരണം പങ്കിടുന്ന ഒരു പഞ്ചായത്തുണ്ട് കണ്ണൂരില്‍.

ഉദയഗിരി പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്സും എല്‍.ഡി.എഫും അഞ്ച് വര്‍ഷം മുന്നേ ഭായി ഭായി

കേരള കോണ്‍ഗ്രസിലെ ജോസ് പക്ഷം ഇടതുമുന്നണിയില്‍ വരുന്നതിന് മുമ്പേ ഭരണം പങ്കിടുന്ന ഒരു പഞ്ചായത്തുണ്ട് കണ്ണൂരില്‍. എല്‍.ഡി.എഫ് പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ്സിന് ഇവിടെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്. ജോസ് വിഭാഗത്തിനൊപ്പം നില്‍ക്കുന്നവര്‍ ഇപ്പോള്‍ ഔദ്യോഗികമായി എല്‍.ഡി.എഫിലെത്തി എന്ന് മാത്രം.

കേരള കോണ്‍ഗ്രസ് മാണി വിഭാഗവും എല്‍.ഡി.എഫും ബദ്ധ ശത്രുതയിലായിരുന്ന കാലം. യു.ഡി.എഫിനൊപ്പം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗം വൈസ് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി അവരുമായി ഉടക്കി പിരിഞ്ഞു. തുടര്‍ന്ന് രണ്ട് പേരുടെ പിന്‍ബലം മാത്രമുളള കേരള കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. എല്‍.ഡി.എഫ് മടിച്ച് നിന്നില്ല. അവരുടെ അഞ്ച് അംഗങ്ങളും കേരള കോണ്‍ഗ്രസ്സിനെ പിന്താങ്ങി.

ബി.ജെ.പിയുടെ ഒരംഗം വിട്ട് നിന്നതോടെ വോട്ടെടുപ്പില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ട്. നറുക്കെടുപ്പില്‍ ഭാഗ്യം കൂടി തുണച്ചതോടെ കേരള കോണ്‍ഗ്രസ് പ്രതിനിധി പഞ്ചായത്ത് വൈ. പ്രസിഡണ്ടായി. അന്നത്തെ രണ്ട് അംഗങ്ങളും ഇപ്പോഴും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനൊപ്പം അടിയുറച്ച് നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ഉദയഗിരിയിലെ എല്‍.ഡി.എഫിന് ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശനത്തില്‍ പുതുമയൊന്നും തോന്നുന്നില്ല.