LiveTV

Live

Kerala

സംസ്ഥാനത്ത് ആനക്കള്ളക്കടത്ത് സജീവമെന്നതിന് തെളിവായി കേന്ദ്രത്തിന്‍റെ കണക്കുകള്‍

കേരളത്തില്‍ സ്വകാര്യ വ്യക്തികളുടെ കൈവശം അനധികൃതമായി 230 ആനകളുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ മീഡിയവണിന്

സംസ്ഥാനത്ത് ആനക്കള്ളക്കടത്ത് സജീവമെന്നതിന് തെളിവായി കേന്ദ്രത്തിന്‍റെ കണക്കുകള്‍

സംസ്ഥാനത്തെ ആനക്കള്ളക്കടത്തിന് തെളിവായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കണക്കുകള്‍. കേരളത്തില്‍ സ്വകാര്യ വ്യക്തികളുടെ കൈവശം അനധികൃതമായി 230 ആനകളുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ മീഡിയവണിന് ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിച്ചതില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ആനക്കള്ളക്കടത്ത് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന വനംമന്ത്രി കെ. രാജുവിന്‍റെ വാദം പൊളിയ്ക്കുന്നതാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകള്‍. കേരളത്തില്‍ ആകെയുളളത് 518 നാട്ടാനകള്‍. ഇതില്‍ വനം വകുപ്പിന്‍റെ കൈവശമുള്ളത് 39 എണ്ണം മാത്രം. ബാക്കി 479 എണ്ണവും സ്വകാര്യവ്യക്തികളുടെ കൈവശം.

സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ആനകള്‍ ഭൂരിഭാഗവും അനധികൃതമെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രത്തിന്‍റെ കണക്കുകള്‍. 479 ല്‍ 134 ആനകള്‍ക്കും ഉടമസ്ഥാവകാശ രേഖകളില്ല, ബാക്കിയുള്ളതില്‍ 96 ആനകള്‍ക്കുമുള്ളത് മറ്റ് സംസ്ഥാനങ്ങള്‍ നല്‍കിയ ഉടമസ്ഥാവകാശ രേഖകളാണ്. ഇതോടെയാണ് സംസ്ഥാനത്ത് സ്വകാര്യവക്തികളുടെ കൈവശമുള്ള 230 ആനകളും അനധികൃതമാണെന്ന് തെളിഞ്ഞത്. പ്രായം സംബന്ധിച്ച വ്യക്തതയില്ലാത്ത 9 ആനകളും കേരത്തിലുണ്ട്.

വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പ്രോജക്ട് എലിഫന്‍റ് പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ആനക്കള്ളക്കടത്ത് സ്ഥിരീകരിക്കുന്ന ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. രാജ്യത്ത് അസം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അനധികൃത ആനകളുള്ള സംസ്ഥാനമാണ് കേരളം. ഇതില്‍ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിക്കുന്നതില്‍ കേരളമാണ് ഒന്നാം സ്ഥാനത്തെന്നും കേന്ദ്രത്തിന്‍റെ കണക്കുകളില്‍ വ്യക്തം.