LiveTV

Live

Kerala

മുന്നാക്ക സംവരണം: സംസ്ഥാനത്ത് ഭൂപരിധി മാറ്റി നിശ്ചയിച്ചതില്‍ വിമര്‍ശനം

സംവരണത്തിന്‍റെ ആനുകൂല്യം മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് തന്നെ ലഭിക്കുമോ എന്ന സംശയമാണ് സംവരണ വിദഗ്ധര്‍ പങ്കുവെക്കുന്നത്.

മുന്നാക്ക സംവരണം: സംസ്ഥാനത്ത് ഭൂപരിധി  മാറ്റി നിശ്ചയിച്ചതില്‍ വിമര്‍ശനം

മുന്നാക്ക സംവരണത്തിന് അര്‍ഹരായവരുടെ ഭൂപരിധി സംസ്ഥാനത്ത് മാറ്റി നിശ്ചയിച്ചതിനെതിരെ വിമര്‍ശനം. കോര്‍പറേഷന്‍ പരിധിയില്‍ 50 സെന്‍റ് ഭൂമിയുള്ളവരും വീടും സ്ഥലവുമായി 20 സെന്‍റുള്ളവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ സംവരണത്തിന് അര്‍ഹരാണ് എന്നതാണ് വ്യവസ്ഥ. മുന്‍സിപ്പാലിറ്റിയില്‍ രണ്ട് സെന്‍റ് സ്ഥലവും വീടുമാണ് സംവരണത്തിനുള്ള കേന്ദ്ര മാനദണ്ഡം. സംവരണത്തിന്‍റെ ആനുകൂല്യം മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് തന്നെ ലഭിക്കുമോ എന്ന സംശയമാണ് സംവരണ വിദഗ്ധര്‍ പങ്കുവെക്കുന്നത്.

മുന്‍സിപ്പാലിറ്റിയിലും കോര്‍പറേഷനിലും 2 സെന്‍റിലധികം ഭൂമിയും വീടും കൈവശമുള്ളവര്‍ കേന്ദ്ര മാനദണ്ഡ പ്രകാരം മുന്നാക്ക സംവരണത്തിന് അര്‍ഹരല്ല. 1000 സ്ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവരും സംവരണ പരിധിക്ക് പുറത്താണ്. എന്നാല്‍ സംസ്ഥാനത്തെ മാനദണ്ഡം വ്യത്യസ്തമാണ്. കോര്‍പറേഷനില്‍ 50 സെന്‍റ് ഭൂമി സ്വന്തമായുള്ളവരും മുന്‍സിപ്പാലിറ്റിയില്‍ 75 സെന്‍റ് ഭൂമിയുള്ളവരും കേരളത്തില്‍ മുന്നാക്ക സംവരണത്തിന് അര്‍ഹരാണ്. വീടും സ്ഥലവുമാണെങ്കില്‍ 20 സെന്‍റ് ഭൂമിയും വീടും ഉള്ളവര്‍ക്ക് വരെ സംവരണം ലഭിക്കും. വീടിന്‍റെ വിസ്തീര്‍ണത്തിന് പരിധിയുമില്ല.

കോര്‍പറേഷനിലും പഞ്ചായത്തിലും ഭൂമിയുണ്ടെങ്കില്‍ രണ്ടും കൂടി രണ്ടര ഏക്കറില്‍ കൂടാതിരുന്നാല്‍ മതി. കോര്‍പറേഷനിലും മുന്‍സിപ്പാലിറ്റിയിലും ഭൂമിയുള്ളവര്‍ക്ക് 75 സെന്‍റ് വരെ ഭൂമിയാകാം. നാല് ലക്ഷം രൂപയാണ് വാര്‍ഷിക വരുമാന പരിധി നിശ്ചയിച്ചിരിക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി വിഭാവനം ചെയ്ത സംവരണം സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ കയ്യടക്കുമോ എന്ന ആശങ്കയാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്.