LiveTV

Live

Kerala

സംവരണ അട്ടിമറി: കെടി ജലീലിന്‍റെ നയതന്ത്രം പാളി; കാന്തപുരം ഗ്രൂപ്പ് അടക്കം മുഴുവന്‍ മുസ്‌ലിം സംഘടനകളും സര്‍ക്കാരിനെതിരെ

സ്വന്തം വകുപ്പിലെ മുന്നാക്ക സംവരണ ഉത്തരവ് ക്രമരഹിതമായി ഇറക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത കെ ടി ജലീലിനെ ഇത്തരം കാര്യങ്ങള്‍ക്ക് നിയോഗിച്ചിട്ട് കാര്യമില്ലെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നത്

സംവരണ അട്ടിമറി: കെടി ജലീലിന്‍റെ നയതന്ത്രം പാളി; കാന്തപുരം ഗ്രൂപ്പ് അടക്കം മുഴുവന്‍ മുസ്‌ലിം സംഘടനകളും സര്‍ക്കാരിനെതിരെ

കോഴിക്കോട്: സംവരണ അട്ടിമറി വിഷയത്തില്‍ മുസ്‌ലിം സംഘടനകളെ അനുനയിപ്പിക്കാനുള്ള ‌മന്ത്രി കെ.ടി ജലീലിന്‍റെ നീക്കങ്ങളെല്ലാം പാളി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതു കൊണ്ടാണ് പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കുന്നതെന്നും മറ്റു വഴിയില്ലെന്നുമാണ് മുസ്‌ലിം സംഘടനാ നേതാക്കളോട് മന്ത്രി വിശദീകരിച്ചത്. സാമ്പത്തിക സംവരണമെന്ന സിപിഎം നയത്തെക്കുറിച്ച് പറയാതെയുള്ള ജലീലിന്റെ വിശദീകരണം പക്ഷേ, സുന്നി സംഘടനാ നേതാക്കള്‍ക്ക് സ്വീകാര്യമായില്ല.

മുന്നാക്ക സംവരണം നടപ്പാക്കിയ സർക്കാർ തീരുമാനം വിശദീകരിക്കുന്നതിൽ കെ.ടി ജലീൽ പരാജയപ്പെട്ടതിനെ തുർന്നാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ച യോഗത്തില്‍ മുഴുവൻ മുസ്ലിം സംഘടനകളും പങ്കെടുത്തത്. കേന്ദ്രം പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത സിപിഎം സംവരണക്കാര്യത്തില്‍ മറിച്ചൊരു ന്യായം പറയുന്നത് എന്തുകൊണ്ടെന്ന് സംഘടനാ നേതാക്കള്‍ ചോദ്യമുയർത്തിയപ്പോൾ മന്ത്രിക്ക് മറുപടിയുണ്ടായില്ല.

സംവരണ വിഷയത്തിൽ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച ചില മുസ്‍ലിം നേതാക്കളോട് മുതിര്‍ന്ന സിപിഎം നേതാക്കള്‍ തന്നെ സംസാരിച്ചെങ്കിലും ആരെയും അനുനയിപ്പിക്കാനായില്ല. മദ്രസാ അധ്യാപകര്‍ക്ക് ആനുകൂല്യം നല്‍കാമെന്ന ചില വാഗ്ദാനങ്ങളും ദൂതന്‍മാര്‍ മുഖേന നല്‍കിയെങ്കിലും സംഘടനകൾ തള്ളിക്കളയുകയാണുണ്ടായത്.

സംവരണ വിഷയത്തില്‍ മുന്‍പൊരിക്കലും ഇടപെട്ടിട്ടില്ലാത്ത സമസ്ത ഇത്തവണ വിപുലമായ ആലോചനകളാണ് നടത്തുന്നത്. സംവരണം സംബന്ധിച്ച് പഠനം നടത്തിയവരുമായും നിയമവിദഗ്ധരുമായുമെല്ലാം സംഘടന നിയോഗിച്ച സമിതി കൂടിക്കാഴ്ചകള്‍ തുടരുകയാണ്.

കാന്തപുരം നേതൃത്വം നല്‍കുന്ന സംഘടനക്ക് അകത്ത് നടന്ന വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശക്തമായ പ്രതികരണവുമായി എസ്.എസ്.എഫും എസ്.വൈ.എസും രംഗത്ത് വന്നത്. തുടര്‍ന്നാണ് മുഖപത്രമായ സിറാജ് സര്‍ക്കാരിനെ കടന്നാക്രമിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഒപ്പം സംഘടനയുടെ ശക്തമായ എതിര്‍പ്പ് സര്‍ക്കാരിനെ അറിയിക്കാനും നേതൃത്വം തയ്യാറായി. കാന്തപുരത്തിന്‍റെ എതിര്‍പ്പ് ഉടന്‍ കെട്ടടങ്ങുമെന്നാണ് സിപിഎം വിലയിരുത്തുന്നതെങ്കിലും പിന്‍മാറാന്‍ കഴിയാത്തവിധം സംഘടനയില്‍ പ്രതിഷേധം ഉയരുകയാണ്.

മുന്നാക്ക സംവരണത്തെ ന്യായീകരിച്ചു കൊണ്ടുള്ള കേളുഏട്ടന്‍ പഠനകേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണന്റെ ലേഖനത്തിന് 'സിറാജി'ൽ ഇടം നല്‍കിയതിനെതിരെ സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമായി. എസ്എസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി, കുഞ്ഞിക്കണ്ണന്റെ ലേഖനത്തിനെതിരെ ഫേസ്ബുക്കില്‍ എഴുതുകയും ചെയ്തു.

മുന്നാക്ക സംവരണത്തെ ന്യായീകരിച്ച് സി.പി.എം നേതാവിന്റെ ലേഖനം സിറാജിൽ; രൂക്ഷമറുപടിയുമായി കാന്തപുരം യുവജന വിഭാഗം നേതാവ്
Also Read

മുന്നാക്ക സംവരണത്തെ ന്യായീകരിച്ച് സി.പി.എം നേതാവിന്റെ ലേഖനം സിറാജിൽ; രൂക്ഷമറുപടിയുമായി കാന്തപുരം യുവജന വിഭാഗം നേതാവ്

മുസ്‌ലിം സംഘടനകളുമായുള്ള ആശയവിനിമയത്തിന് സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ദൂതനായ കെ ടി ജലീല്‍ സംവരണ വിഷയത്തില്‍ നടത്തിയ ഇടപെടലുകളെല്ലാം നിഷ്ഫലമാവുകയാണുണ്ടായത്. ജലീലിന്റെ വാക്കുകൾ സംഘടനാ നേതാക്കൾ മുഖവിലക്കെടുത്തില്ലെന്ന് മാത്രമല്ല, മുന്നാക്ക സംവരണത്തെപ്പറ്റി കാതലായ ചോദ്യങ്ങള്‍ തിരിച്ച് ഉന്നയിക്കുകയും ചെയ്തു. ഇതിന് മന്ത്രിക്ക് മറുപടിയുണ്ടായില്ല.

അതേസമയം, കെ ടി ജലീല്‍ വഴി മുസ്‌ലിം സംഘടനകളോട് സംസാരിക്കുന്നതില്‍ സിപിഎമ്മിലെ ചില നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. സ്വന്തം വകുപ്പിലെ മുന്നാക്ക സംവരണ ഉത്തരവ് ക്രമരഹിതമായി ഇറക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത കെ ടി ജലീലിനെ ഇത്തരം കാര്യങ്ങള്‍ക്ക് നിയോഗിച്ചിട്ട് കാര്യമില്ലെന്നാണ് ഈ നേതാക്കളുടെ പക്ഷം.

മുന്നാക്ക സംവരണത്തിനെതിരെ സമരം ചെയ്യുന്നവര്‍ വര്‍ഗീയവാദികളാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയായെന്ന വിലയിരുത്തലും മുസ്‌ലിം സംഘടനാ നേതാക്കള്‍ക്കുണ്ട്.