LiveTV

Live

Kerala

അന്വേഷണ സംഘം നേരത്തെ ആശുപത്രിയിലെത്തി; ശിവശങ്കറെ കസ്റ്റഡിയിലെടുത്തത് നാടകീയമായി

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ ഇ.ഡി ശിവശങ്കറുള്ള ആയുര്‍വേദ ആശുപത്രിയിലെത്തി. മാരാരിക്കുളത്ത് വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും ശിവശങ്കറിനൊപ്പം ചേര്‍ന്നു.

അന്വേഷണ സംഘം നേരത്തെ ആശുപത്രിയിലെത്തി; ശിവശങ്കറെ കസ്റ്റഡിയിലെടുത്തത് നാടകീയമായി

നാടകീയമായ നീക്കത്തിലൂടെയായിരുന്നു തിരുവനന്തപുരത്ത് നിന്ന് ശിവശങ്കറെ എന്‍ഫോഴ്സ്മന്‍റ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ ഇ.ഡി ശിവശങ്കറുള്ള ആയുര്‍വേദ ആശുപത്രിയിലെത്തി. മാരാരിക്കുളത്ത് വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും ശിവശങ്കറിനൊപ്പം ചേര്‍ന്നു.

ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം വഞ്ചിയൂരുള്ള ആയുര്‍വേദ ആശുപത്രിക്ക് മുന്നില്‍ രാവിലെ തന്നെ മാധ്യമങ്ങളുടെ കാത്ത് നില്‍പ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍. മിനിറ്റുകള്‍ക്കുള്ളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ബോര്‍ഡ് വെച്ച വെള്ള വെര്‍ണ കാര്‍ ആശുപത്രിക്ക് മുന്നിലെത്തി. കാറില്‍ ഡ്രൈവര്‍ മാത്രം. വളരെ പെട്ടെന്ന് തന്നെ രണ്ട് ഉദ്യോഗസ്ഥര്‍ ശിവശങ്കറുമായി കാറിലേക്ക്. അപ്പോഴാണ് ഉദ്യോഗസ്ഥര്‍ നേരത്തെ ആശുപത്രിയില്‍ എത്തിയിരുന്നതായും കോടതി ഉത്തരവ് വന്നതിന് പിന്നാലെ ശിവശങ്കറിന് സമന്‍സ് കൈമാറിയതായും വ്യക്തമായത്.

ശിവശങ്കറുമായി ഇ.ഡി സംഘം പുറപ്പെട്ടു. പോലീസ് ക്ലബിലേക്ക് എന്ന് സൂചനകള്‍. എന്നാല്‍ എം.സി റോഡ് വഴി വാഹനം കോട്ടയം ഭാഗത്തേക്ക്. പിന്നാലെ മീഡിയവണും. ച‌ങ്ങനാശേരിയിലെത്തിയപ്പോള്‍ വാഹനം ആലപ്പുഴ ഭാഗത്തേക്ക്. നേരെ കൊച്ചിയിലേക്ക് ഇ.ഡി ഓഫീസിലേക്കായിരിക്കും യാത്രയെന്ന് കരുതിയിരിക്കെ മാരാരികുളത്തെ റിസോര്‍ട്ടില്‍ വാഹനം കയറ്റി. ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ശിവശങ്കര്‍ പ്രതികരിച്ചത്. പിന്നാലെ കസ്റ്റംസ് സംഘവും മാരാരികുളത്ത്. പിന്നീട് മറ്റൊരു വാഹനത്തിലായി ശിവശങ്കറിനേയും കൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ യാത്ര. കൃത്യം 3.21. അന്വേഷണ സംഘം ശിവശങ്കറുമായി കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി.

Watch Video Story;