LiveTV

Live

Kerala

സംവരണ അട്ടിമറി; സര്‍ക്കാരിനെതിരെ തുറന്ന പോരിന് കാന്തപുരം വിഭാഗം, തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജിഫ്രി തങ്ങൾ

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വന്‍ ചതിയാണ് മുന്നോക്ക സംവരണത്തിലൂടെ നടപ്പാക്കിയതെന്ന് മുഖപത്രമായ 'സിറാജ്' ദിനപത്രം മുഖപ്രസംഗത്തിലൂടെ വിമര്‍ശിച്ചു

സംവരണ അട്ടിമറി; സര്‍ക്കാരിനെതിരെ തുറന്ന പോരിന് കാന്തപുരം വിഭാഗം, തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജിഫ്രി തങ്ങൾ

മുന്നാക്ക സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നപോരിന് കാന്തപുരം വിഭാഗം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വന്‍ ചതിയാണ് മുന്നോക്ക സംവരണത്തിലൂടെ നടപ്പാക്കിയതെന്ന് മുഖപത്രമായ 'സിറാജ്' ദിനപത്രം മുഖപ്രസംഗത്തിലൂടെ വിമര്‍ശിച്ചു. മുന്നോക്ക സംവരണത്തില്‍ നിന്ന് ഒഴിവാക്കിയ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളില്‍ പോലും സംവരണ പ്രകാരം അലോട്ട്മെന്‍റ് നടത്തിയത് സര്‍ക്കാരിന്‍റെ വീഴ്ചയാണെന്ന് എഡിറ്റേറിയല്‍ പറയുന്നു. പിന്നാക്ക സംവരണത്തിന്‍റെ കടക്കൽ കത്തിവെക്കുകയാണ് സർക്കാരെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ മീഡിയവണിനോട് പറഞ്ഞു.

എല്ലാക്കാലത്തും സി.പി.എമ്മിനൊപ്പം നില്‍ക്കുന്ന കാന്തപുരം വിഭാഗമാണ് മുന്നോക്ക സംവരണത്തിന്‍റെ പേരില്‍ സര്‍ക്കാരിനോട് ഇടഞ്ഞത്. സംഘടനയുടെ മുഖപത്രമായ സിറാജിന്‍റെ എഡിറ്റോറിയലിലും എഡിറ്റോറിയല്‍ പേജിലെ മറ്റൊരു ലേഖനത്തിലും ഇടത് സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.രാഷ്ട്രീയ ലക്ഷ്യമാണ് സര്‍ക്കാരിനെന്ന് എഡിറ്റോറിയല്‍ പറയുന്നു.

ജനറല്‍ സീറ്റിലെ 10 ശതമാനം മുന്നാക്ക സംവരണത്തിന് വേണ്ടി നീക്കിവെക്കുന്നുവെന്ന് പറഞ്ഞിട്ട് ആകെ സീറ്റുകളിലെ പത്ത് ശതമാനം മുന്നോക്ക സംവരണത്തിന് വേണ്ടി നീക്കിവെച്ചുവെന്നതാണ് മറ്റൊരു കുറ്റപ്പെടുത്തല്‍. ഏത് ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് 10 ശതമാനം മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യവുമുണ്ട്. ഇ.കെ വിഭാഗവും സർക്കാരിനെതിരായി രംഗത്ത് വന്നു. തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് പോകാനാണ് കാന്തപുരം വിഭാഗത്തിന്‍റെ തീരുമാനം.