LiveTV

Live

Kerala

കുരിശിനെ അധിക്ഷേപിച്ച സംഭവം: കക്കാടംപൊയിലില്‍ കാവല്‍ സമരം

യുവാക്കൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്തതാണ് വിവാദമായത്.

കുരിശിനെ അധിക്ഷേപിച്ച സംഭവം: കക്കാടംപൊയിലില്‍ കാവല്‍ സമരം

കോഴിക്കോട് കക്കാടംപൊയിലിൽ മലമുകളിൽ സ്ഥാപിച്ച കുരിശിനെ അധിക്ഷേപിക്കുന്ന രീതിയിൽ ചിത്രങ്ങൾ എടുത്ത സംഭവത്തിൽ ക്രിസ്തീയ സംഘടനകളുടെ പ്രതിഷേധം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

കക്കാടം പൊയിൽ വാളംതോട് കുരിശുമലയിൽ കഴിഞ്ഞ ദിവസം വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്തതാണ് വിവാദമായത്. നാട്ടുകാരിൽ ചിലർ ഇത് ചോദ്യം ചെയ്യുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

കുരിശിന് ചുറ്റും യുവാക്കൾ നൃത്തം വെക്കുന്ന ദൃശ്യവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതാണ് ക്രിസ്തീയ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായത്. കഴിഞ്ഞ ദിവസം കുരിശുമലയിൽ നടന്ന കാവൽ സമരം താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം താമരശ്ശേരി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.

സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയകളിലും പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം ഉറവിടം അറിയാത്ത ചിത്രങ്ങളും കക്കാടംപൊയിലെ ദൃശ്യങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.