LiveTV

Live

Kerala

പീഡിപ്പിക്കപ്പെട്ട യുവതിയുടെ പരാതി ലഭിച്ചില്ലെന്ന സി.പി.എം വാദം പൊളിയുന്നു

പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകനും സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും നേരിട്ടും പരാതി നല്‍കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നേതാക്കൾ പ്രതിയില്‍ നിന്ന് പണം ‍ സ്വീകരിച്ചതായും പരാതിയില്‍ പറയുന്നു

പീഡിപ്പിക്കപ്പെട്ട യുവതിയുടെ പരാതി ലഭിച്ചില്ലെന്ന സി.പി.എം വാദം പൊളിയുന്നു

അടൂരില്‍ പീഡിപ്പിക്കപ്പെട്ട യുവതിയുടെ പരാതി ലഭിച്ചില്ലെന്ന സി.പി.എം വാദം പൊളിയുന്നു. സി.പി.എം ജില്ലാ സെക്രട്ടറിക്ക് യുവതി നല്‍കിയ പരാതിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകനും സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും പരാതി നല്‍കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ നേതാക്കൾ പ്രതിയില്‍ നിന്ന് പണം ‍ സ്വീകരിച്ചതായും പരാതിയില്‍ പറയുന്നു.

സി.പി.എം പ്രവർത്തകനും ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവറുമായിരുന്ന വ്യക്തി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തി, അത് ഉപയോഗിച്ച് ചൂഷണം ചെയ്തെന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് യുവതി പൊലീസിന് നല്‍കിയ പരാതി. ഇക്കാര്യങ്ങള്‍ സി.പി.എം പത്തനംതിട്ട ജില്ലാനേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും യുവതി മീഡിയവണിനോട് പറഞ്ഞിരുന്നു. എന്നാല്‍ പരാതിയെ കുറിച്ച് അറിയില്ലെന്നായിരുന്നു ജില്ലാനേതൃത്വത്തിന്‍റെ പ്രതികരണം.

ഇതിന് പിന്നാലെയാണ് യുവതി പാര്‍ട്ടിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് മീഡിയവണ്‍ പുറത്തുവിടുന്നത്. ഇരയായ യുവതി ,ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിനാണ് പരാതി നല്‍കിയത്. ഇതിന് പുറമേ മറ്റൊരു പ്രാദേശിക പാര്‍ട്ടിക പ്രവര്‍ത്തകന്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. യുവതി വീട് പണയപ്പെടുത്തി മുഖ്യപ്രതിക്ക് നല്‍കിയ അഞ്ച് ലക്ഷം രൂപയില്‍ 24,5000 രൂപ ഡി.വൈ.എഫ്.ഐ നേതാക്കളായ ബി. നിസാമും അഖില്‍ പെരിങ്ങനാടും കൈപ്പറ്റിയെന്നും പരാതിയിലുണ്ട്.

പരാതി കിട്ടിയിട്ടില്ലെന്ന് പറയുന്ന പാര്‍ട്ടി നേതൃത്വം തന്നെ ഇടപെട്ട് യുവതിക്കും കുടുംബത്തിനും നഷ്ടമായ തുകയില്‍ രണ്ടുലക്ഷം രൂപ മടക്കി നല്‍കി. എന്നിട്ടും മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ച പരാതിയെ കുറിച്ച് അറിയില്ലെന്നാണ് ജില്ലാസെക്രട്ടറി വിശദീകരിക്കുന്നത്. യുവതിയുടെ പരാതിയില്‍ പത്തനംതിട്ട പൊലീസ് കേസ് എടുത്ത് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.