LiveTV

Live

Kerala

തൃശ്ശൂരില്‍ പാപ്പാനെ കുത്തിക്കൊന്ന വിനയന്‍ എന്ന ആന എവിടെ: ആനക്കള്ളക്കടത്തിന് തെളിവായി ആനകളുടെ തിരോധാനം

വിനയന്‍ എന്ന ആന എവിടെയെന്ന് വനം വകുപ്പിന് പോലുമറിയില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ മീഡിയവണിന് ലഭിച്ചു.

തൃശ്ശൂരില്‍ പാപ്പാനെ കുത്തിക്കൊന്ന വിനയന്‍ എന്ന ആന എവിടെ: ആനക്കള്ളക്കടത്തിന് തെളിവായി ആനകളുടെ തിരോധാനം

സംസ്ഥാനത്തെ ആനക്കള്ളക്കടത്തിന് തെളിവായി ആനകളുടെ തിരോധാനം. ആനകള്‍ പലപ്പോഴായി അപ്രത്യക്ഷമായിട്ടും അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. തൃശ്ശൂരില്‍ പാപ്പാനെ കുത്തിക്കൊന്ന വിനയന്‍ എന്ന ആന എവിടെയെന്ന് വനം വകുപ്പിന് പോലുമറിയില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ മീഡിയവണിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് നിയമം ലംഘിച്ച് ആനകളെ എത്തിക്കുന്നതിന്‍റെയും, കൈമാറുന്നതിന്‍റെയും, പണത്തിന് വേണ്ടി കൊമ്പ് മുറിക്കുന്നതിന്‍റെയും ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ കേന്ദ്രീകരിച്ച് വനം വകുപ്പിന്‍റെ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ആനക്കള്ളക്കടത്തിന് തെളിവായി ആനകളുടെ തിരോധാനവും പുറത്ത് വരുന്നത്.

കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ കേരളത്തില്‍ എത്തിയതും കൈമാറ്റം ചെയ്യപ്പെട്ടതുമായ ആനകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ വനം വകുപ്പിന്‍റെ കൈവശം പോലുമില്ല. ‌‌2007 ല്‍ ചേറ്റുവ ചന്ദനക്കുട നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊല്ലുകയും 20ലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിന് ശേഷം തൃശ്ശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലായിരുന്ന വിനയന്‍ എന്ന ആനയെ അധികമാരും കണ്ടിട്ടില്ല.

ആനക്കടത്ത് കേസിലെ പ്രതികളിലൊരാള്‍ വിനയനെ വാങ്ങിയെന്നും പിന്നീട് കര്‍ണാടകത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ചെരിയുകയും ചെയ്തെന്ന സൂചനകള്‍ മാത്രമാണുള്ളത്. വിനയന്‍റെ കൊമ്പ് മുറിച്ചിരുന്നുവെന്ന വിവരവുമുണ്ട്. എന്നാല്‍ നിലവില്‍ വിനയന്‍ എവിടെ, കൊമ്പ് മുറിച്ചോ, മുറിയ്ക്കുന്നതിന് അനുമതി ഉണ്ടായിരുന്നോ, ചരിഞ്ഞോ എന്നതുള്‍പ്പെടെ വനം വകുപ്പിന്‍റെ പക്കല്‍ യാതൊരു വിവരവുമില്ല. വിവരാവകാശനിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് വനം വകുപ്പ് കൈമലര്‍ത്തുന്നത്.

തിരുവനന്തപുരം ജില്ലയില്‍ 2014 - 2015 കാലയളവില്‍ 3 ആനകള്‍ ചരി‍ഞ്ഞു എന്ന് സ്ഥിരീകരിക്കുന്ന വനം വകുപ്പ് ഓഫീസ് എന്നാല്‍ ആനകളുടെ മൈക്രോചിപ്പിന്‍റെ പകര്‍പ്പ് ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് നല്‍കിയത്. പാലക്കാട് മണ്ണാര്‍ക്കാട് താലൂക്കിലുണ്ടായിരുന്ന പാലോട് കാളിദാസന്‍ എന്ന ആനയെ കുറിച്ചും ദുരൂഹതയുണ്ട്. 2015ല്‍ വിവരാവകാശ നിയമപ്രകാരം വിവരമാരാഞ്ഞപ്പോള്‍ കാളിദാസന്‍ എവിടെയെന്നറിയില്ലെന്നാണ് വനം വകുപ്പ് നിലപാടെടുത്തത്. എന്നാല്‍ 2017ല്‍ നല്‍കിയ മറുപടിയില്‍ കാളിദാസന്‍ 2014ല്‍ ചരിഞ്ഞതായി വനം വകുപ്പ് പറയുന്നു. ഇതാണ് ദുരൂഹത കൂട്ടുന്നത്. ആനക്കള്ളക്കടത്ത് സജീവമാണെന്ന കണ്ടെത്തലുകള്‍ക്ക് കൂടുതല്‍ സ്ഥിരീകരണമാവുകയാണ് ആനകളുടെ തിരോധാനം.