LiveTV

Live

Kerala

ചികിത്സാപിഴവ് ചൂണ്ടിക്കാട്ടിയതിന് തനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ഡോക്ടര്‍ നജ്മ

സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട പരാതിയുമായി മുന്നോട്ട് പോകുമെന്നും നജ്മ

ചികിത്സാപിഴവ് ചൂണ്ടിക്കാട്ടിയതിന് തനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ഡോക്ടര്‍ നജ്മ

കളമശേരി മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടിയതിന് തനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ഡോ. നജ്മ സലീം. ചാനല്‍ ചര്‍ച്ചക്കിടെ ഉയര്‍ത്തിക്കാട്ടിയ വീഡിയോ മറ്റൊരു വ്യക്തി തനിക്ക് അയച്ചുതന്നതാണ്. രോഗിയുടെ ഓക്സിജന്‍ നിലയില്‍ അപാകത ഉളള വീഡിയോ അല്ല അതെന്നും നജ്മ മീഡിയവണിനോട് പ്രതികരിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് ചാനല്‍ ചര്‍ച്ചക്കിടെ നജ്മ ഐസിയുവിനകത്ത് വെന്‍റിലേറ്റര്‍ അലാറം ശബ്ദിക്കുന്ന വീഡിയോ ഉയര്‍ത്തിക്കാട്ടിയത്. പല കാരണത്താലും അലാറം അടിക്കാം. വെന്‍റിലേറ്ററില്‍ അലാറം അടിക്കുമ്പോഴും രോഗിയുടെ അവസ്ഥ ഗുരുതരമായിരുന്നില്ല. അക്കാര്യം വീഡിയോയില്‍ കാണുന്ന ഓക്സിജന്‍റെ അളവ് കണ്ടാല്‍ മനസ്സിലാകും. അപ്പോഴും അലാറം അടിക്കുന്നുമുണ്ട്. ബൈഹക്കിയുടെ ശബ്ദ സന്ദേശത്തിനിടയിലും അലാറം കേള്‍ക്കാമല്ലോയെന്നും നജ്മ പറയുന്നു.

ചില വെളിപ്പെടുത്തല്‍ നടത്തിയതോടെ ഒറ്റപ്പെട്ട് പോയ തനിക്ക് ആശുപത്രിക്ക് അകത്ത് നിന്ന് തന്നെ പിന്തുണ ലഭിക്കുന്നുണ്ടെന്നും പലരും പലകാര്യങ്ങളും പുറത്തുപറയാന്‍ മടിക്കുകയാണെന്നും നജ്മ വ്യക്തമാക്കി. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട പരാതിയുമായി മുന്നോട്ട് പോകുമെന്നും നജ്മ വ്യക്തമാക്കി.

കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസ്, ബൈഹക്കി, ജമീല തുടങ്ങിയവരുടെ ബന്ധുക്കളുടെ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് നടപടി പുരോഗമിക്കുന്നത്. ഹാരിസിന്റെ ബന്ധുക്കളുടെയും വീഴ്ച ചൂണ്ടിക്കാട്ടിയ ഡോ. നജ്മയുടെയും വിശദമായ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. നജ്മയില്‍ നിന്ന് ബൈഹക്കിയുടെയും ജമീലയുടെയും ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്.

ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ശബ്ദസന്ദേശം അയച്ച നഴ്‍സിങ് ഓഫീസറുടെ മൊഴിയും കോട്ടയത്തെ അവരുടെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുളളവരുടെ മൊഴി പൊലീസ് ശേഖരിച്ചിരുന്നു. ഇരുപതോളം ആശുപത്രി അധികൃതരുടെ മൊഴി ഇനിയും രേഖപ്പെടുത്താനുളളതിനാല്‍ നടപടി നാളെയും തുടരും. ബൈഹക്കിയുടെ ബന്ധുക്കളുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ജമീലയുടെ ബന്ധുക്കളില്‍ നിന്ന് ഇന്ന് വിവരങ്ങള്‍ ശേഖരിക്കും. ഏറെ വിവാദം സൃഷ്ടിച്ച ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായ സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള ശ്രമത്തിലാണ് പൊലീസ്.