LiveTV

Live

Kerala

സ്വര്‍ണക്കടത്തില്‍ കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്ന് കസ്റ്റംസിന് മൊഴി

മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാനാട്ട് റസാഖ്, കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖാണോയെന്ന കസ്റ്റംസ് വ്യക്തമാക്കുന്നില്ല

സ്വര്‍ണക്കടത്തില്‍ കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്ന് കസ്റ്റംസിന് മൊഴി

സ്വര്‍ണക്കടത്തില്‍ കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്ന് കസ്റ്റംസിന് മൊഴി. കേസിലെ പ്രതിയായ സന്ദീപിന്‍റെ ഭാര്യയാണ് സ്വര്‍ണക്കടത്തില്‍ കാരാട്ട് ഗ്യാംഗിന് പങ്കുണ്ടെന്ന മൊഴി നല്‍കിയത്. എന്നാല്‍ മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാനാട്ട് റസാഖ്, കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖാണോയെന്ന കസ്റ്റംസ് വ്യക്തമാക്കുന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയാണ് മൊഴിക്ക് പിന്നിലെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു.

സ്വർണക്കടത്തിൽ കൊടുവള്ളി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കള്ളക്കടത്ത് ഗ്യാംഗിന് ബന്ധമുണ്ടെന്ന മൊഴിയാണ് സന്ദീപ് ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയിരിക്കുന്നത്. ഇതില്‍ കാരാട്ട് ഫൈസലിന്റെ പേര് എടുത്ത് പറയുന്നുണ്ട്. കാരാട്ട് ഫൈസല്‍, കാനാട്ട് റസാഖ് എന്നിവർക്ക് വേണ്ടിയാണ് കെ. ടി റമീസ് സ്വർണം കടത്തിയതെന്നുമാണ് സൗമ്യയുടെ മൊഴിയെ ഉദ്ധരിച്ച് കസ്റ്റംസ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ സൗമ്യ പറഞ്ഞ കാനാട്ട് റസാഖ്, കാരാട്ട് റസാഖ് എം.എൽ.എ ആണോയെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

പ്രതികള്‍ തമ്മില്‍ നടത്തിയ ആശയ വിനിമയത്തില്‍ ഇയാളെ കുറിച്ച് പറയുന്നുണ്ട്. ഇയാൾ നേരിട്ട് പങ്കെടുത്തോയെന്ന് അറിയില്ലെന്നും സൗമ്യ മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കാരാട്ട് റസാഖ് എം.എല്‍.എ പ്രതികരിച്ചു.

സ്വർണക്കടത്തിനെ കുറിച്ച് സ്വപ്നയ്ക്ക് അറിവുണ്ടായിരുന്നുവെന്നും ജൂലൈ ഏഴാം തീയതി നല്കിയ മൊഴിയില്‍ സൌമ്യ പറയുന്നുണ്ട്. സ്വർണക്കടത്തിനെ എതിർത്തപ്പോൾ സന്ദീപ് ശാരീരികമായി ഉപദ്രവിച്ചെന്നും സൗമ്യ നൽകിയ മൊഴിയിൽ പറയുന്നു. ‌ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്റെ വീട്ടിൽ കൊണ്ടുവന്നാണ് സ്വർണം പുറത്തെടുത്തിരുന്നെന്നും സൗമ്യ കസ്റ്റംസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റംസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.